Saturday, February 21, 2009

1. കാപ്പിലാന്‍

ജനപ്രീതിയുള്ള മലയാളം ബ്ലോഗുകളില്‍ ശ്രദ്ധേയമായ ഒരിടമാണ് ശ്രീ. കാപ്പിലാന്‍റെ ബ്ലോഗുകള്‍. കൊള്ളികള്‍, തോന്ന്യാശ്രമം, ആല്‍ത്തറ തുടങ്ങിയ ബ്ലോഗുകളിലൂടെ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ കൈവരിച്ച നേട്ടം, വായനക്കാരെ ബോറടിപ്പിക്കാതെ സ്ഥിരമായ ഒരു ആസ്വാദനം നല്‍കുവാന്‍ കഴിഞ്ഞു എന്നതാണ്.

ജനകീയപങ്കാളിത്തത്തോടെയുള്ള പല പദ്ധതികളും വന്‍ വിജയമായിരുന്നു താനും. കാപ്പിലാന്‍റെ കൊള്ളികള്‍ എന്ന ബ്ലോഗില്‍ ഈയുള്ളവന് ഏറെ താല്പര്യം തോന്നിയ ഒരു കവിതയാണ് അവര്‍ പരിധിക്ക് പുറത്താണ് എന്ന കവിത. സാമൂഹികപ്രതിബദ്ധതയുള്ള വരികളോടൊപ്പം പ്രസ്തുത ബ്ലോഗിന്‍റെ കൊള്ളികള്‍ എന്ന തലവാചകത്തെ സാധൂകരിക്കുകയും ചെയ്യുന്നു ഈ കവിത. മറ്റു കവിതകളീലും ശ്രദ്ധിക്കാന്‍ കഴിഞ്ഞ പൊതുവായ പ്രത്യേകത ലളിതമായ ഭാഷയോടൊപ്പം സം‌വേദനക്ഷമതയുള്ള ആശയങ്ങളും ഓരോ കവിതയിലും വിദഗ്‌ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഹാസ്യവും ചിന്താശകലങ്ങളുമാണ്. ഇടക്ക് അനാവശ്യസം‌വാദങ്ങളില്‍ ശ്രദ്ധ മാറിപ്പോകുന്നതൊഴിച്ചാല്‍, എഴുതുന്ന കാര്യങ്ങളോട് ആത്മാര്‍ത്ഥതയും നീതിബോധവുമുള്ള ഒരെഴുത്തുകാരനെന്ന് അടിവരയിടുന്ന അക്ഷരങ്ങളാല്‍ സമ്പന്നമാണ് ഈ ബ്ലോഗ്‌. ബ്ലോഗിലെ ചെറുകുറിപ്പുകളുടെ വ്യത്യസ്തതയും, ചിത്രങ്ങളുടെ വൈവിധ്യവും, ആശയങ്ങളുടെ നൂതനത്വവും ഈ ബ്ലോഗുകളെ ശ്രദ്ധേയമാക്കുന്നു.

© ജയകൃഷ്ണന്‍‍ കാവാലം

11 comments:

കാപ്പിലാന്‍ said...

വായനശാലയില്‍ ആദ്യമായി എന്നെക്കുറിച്ച് എഴുതിയതില്‍ സന്തോഷമുണ്ട് .പക്ഷേ അങ്ങനെ ഉള്ള കവിതകള്‍ ഒന്നും ഞാന്‍ എഴുതിയിട്ടില്ല .മാത്രമല്ല ഇത് വായിക്കുന്ന പലര്‍ക്കും ഈ വായനശാലയോടുള്ള മതിപ്പും കുറയും . എന്തിനാ ജയകൃഷ്ണ ആവശ്യമില്ലാത്ത പണിക്ക് എന്നെപ്പോലൊരു വഴക്കാളിയെതന്നെ ആദ്യമേ പിടിച്ചിട്ടത് . എന്നെക്കാള്‍ എത്രയോ നല്ല സര്‍ഗ പ്രതിഭകള്‍ വിളയുന്ന മണ്ണാണ് ഈ ബൂലോകം . എന്തായാലും എഴുതിയതില്‍ നന്ദി . ദാങ്ക്സ് .

കാവാലം ജയകൃഷ്ണന്‍ said...

പ്രിയസുഹൃത്തേ...

കവിതകള്‍ അനുവാചകന്‍റെ ഹൃദയത്തിലാണ് പൂര്‍ണ്ണത നേടുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണല്ലോ വിഖ്യാതമായ പല കൃതികളും ഓരോരുത്തര്‍ക്കും ഓരോരോ തലത്തില്‍ ആസ്വദിക്കുവാന്‍ കഴിയുന്നത്. ആദ്യ പോസ്റ്റില്‍ എഴുതിയിരുന്നതു പോലെ തന്നെ, അനുദിനം വായിച്ചു പോകുന്ന ബ്ലോഗുകളെക്കുറിച്ച് ഞാനെന്ന അനുവാചകന്‍റെ നിരീക്ഷണം മാത്രമാണിത്. ആദ്യമായി താങ്കളെക്കുറിച്ചെഴുതിയതിന്‍റെ കാരണം മറ്റൊന്നുമല്ല, ബ്ലോഗുകളില്‍ സജീവതയും, വ്യത്യസ്തതയും കാത്തുസൂക്ഷിക്കുന്ന ഒന്നാണ് അത് എന്നെനിക്കു തോന്നി. സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതിന്‍റെ പേരില്‍ പൊയ്പ്പോകുന്ന മതിപ്പിനേപ്പറ്റി എനിക്കും തീരെ മതിപ്പില്ല. താങ്കള്‍ ആവശ്യമില്ലാതെ വഴക്കുണ്ടാക്കുന്ന ഒരാള്‍ എന്നെനിക്കു തോന്നിയിട്ടില്ല. മാത്രവുമല്ല താങ്കള്‍ എന്ന വ്യക്തിയെക്കുറിച്ചല്ല താങ്കള്‍ എഴുതിയ അക്ഷരങ്ങളേക്കുറിച്ചല്ലേ ഞാന്‍ എഴുതിയുള്ളൂ. എന്നാല്‍ ആ അക്ഷരങ്ങള്‍ പലതും വ്യവസ്ഥിതിയോടു കലഹിക്കുകയും കൊഞ്ഞനം കാട്ടുകയും ചെയ്യുന്നുണ്ടു താനും. കവിതയുടെ ഒരു നല്ല ലക്ഷണമായി അതിനെ കാണുവാനാണെനിക്കിഷ്ടം. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു.


നാട്ടുകാരോട്‌: കാപ്പിലാനെക്കുറിച്ച് വായനശാലയില്‍ ആദ്യമെഴുതുവാന്‍ അദ്ദേഹം എനിക്കു കാശു തന്നിട്ടില്ല. ഞങ്ങള്‍ തമ്മില്‍ അറിയുക തന്നെയില്ല.

siva // ശിവ said...

ഈ അംഗീകാരം കാപ്പിലാന്‍ ചേട്ടന്‍ അര്‍ഹിക്കുന്നു.....

ഞാന്‍ ആചാര്യന്‍ said...

അടിപിടി ബൂലോകത്തിന്‍റെ ഒരു സവിശേഷതയാണ്. എല്ലാവരും നല്ല ബ്ലോഗ്സ്മാന്‍ സ്പിരിറ്റോടെ പങ്കെടുക്കുന്നിടത്തോളം കാലം ഓക്കെ...എന്നുവെച്ച് നല്ല രചനകള്‍ നല്ലവ തന്നെയാണ്.

അനില്‍@ബ്ലോഗ് // anil said...

നന്നായി ശ്രീ.ജയകൃഷ്ണന്‍ ഈ വിലയിരുത്തല്‍.
താങ്കള്‍ യാതൊരു വിധത്തിലും കാപ്പിലാനുമായി ബന്ധപ്പെട്ട ആളല്ല എന്നതിനാല്‍ നിഷ്പക്ഷമായൊരു വിലയിരുത്തലായി ഇതിനെ കാണുന്നു.

ആശംസകള്‍

മാണിക്യം said...

കാപ്പിലാന്‍ ഓരോ കവിതയിലും വിത്യസ്തത പുലര്‍ത്തുന്നു. എന്തും ഏതും ഒരു കവിതക്ക് വിഷയം ആകാം എന്ന് ചൂണ്ടി കാണിച്ച കവി. ചൂല്‍ കാളാമുണ്ടന്‍ പഴത്തൊലി തുടങ്ങി ഹൈക്കു കവിത വരെ... എഴുതുക മാത്രമല്ല ചുറ്റും ഉള്ളവരെ എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു, നല്ലൊരു സംഘാടകന്‍, തല്ലാനും തലോടാനും മുന്നില്‍ ...ജീവിതത്തിന്റെ കടുത്ത വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ട് പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ മാണിക്യം

Anonymous said...

"വായനക്കാരെ ബോറടിപ്പിക്കാതെ സ്ഥിരമായ ഒരു ആസ്വാദനം നല്‍കുവാന്‍ കഴിഞ്ഞു എന്നതാണ്"

അടുത്തിടെ ഏതാനും ബ്ലോഗ് പോസ്റ്റുകളില്‍ അദ്ദേഹം ഇട്ട കമന്റുകള്‍ , അദ്ദേഹത്തിന്റെ സവിശേഷത നമ്മുക്ക് കാണിച്ചു തന്നതാണല്ലോ !!!!!!!!!!!!!!!!!!!!

Anonymous said...

"വായനക്കാരെ ബോറടിപ്പിക്കാതെ സ്ഥിരമായ ഒരു ആസ്വാദനം നല്‍കുവാന്‍ കഴിഞ്ഞു എന്നതാണ്"

അടുത്തിടെ ഏതാനും ബ്ലോഗ് പോസ്റ്റുകളില്‍ അദ്ദേഹം ഇട്ട കമന്റുകള്‍ , അദ്ദേഹത്തിന്റെ സവിശേഷത നമ്മുക്ക് കാണിച്ചു തന്നതാണല്ലോ !!!!!!!!!!!!!!!!!!!!

ചാണക്യന്‍ said...

ജയകൃഷ്ണന്‍ കാവാലം,
താങ്കള്‍ നിക്ഷ്പക്ഷത പാലിച്ചു കൊണ്ട് നടത്തിയ ഈ വിലയിരുത്തല്‍ ശ്ലാഘനീയം തന്നെ..ആശംസകള്‍

ഒരു കവിയെന്നതിലുപരി സഹൃദയനായ ഒരു എഴുത്തുകാരനായാണ് ഞാന്‍ കാപ്പിലാനെ കാണുന്നത്. എന്തിനേയും വിഷയമാക്കി നിമിഷ നേരം കൊണ്ട് കുത്തിക്കുറിക്കുന്നവയെ അദ്ദേഹം തന്നെ ഗവിത എന്ന് പരിഹാസ രൂപേണ വിളിക്കുമ്പോഴും ഒന്ന് തീര്‍ച്ചയാണ് വായിക്കുന്നവര്‍ നിരാശരാകില്ല..കാരണം കവിത്വമൂറുന്ന ഒരു വരിയെങ്കിലും അതിലുണ്ടാവും...
അഭിനന്ദനങ്ങള്‍..കാപ്പൂ...

കാവാലം ജയകൃഷ്ണന്‍ said...

ശിവ: വായനശാലയിലേക്ക് സ്വാഗതം

ആചാര്യന്‍: അടിപിടി കൂടുന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം. അദ്ദേഹത്തിന്‍റെ ബ്ലോഗിനെക്കുറിച്ചെഴുതുമ്പോള്‍ നമുക്കുമുന്‍പില്‍ ഉള്ളത് അക്ഷരങ്ങളല്ലേ, അതിനിടയില്‍ അദ്ദേഹത്തിന്‍റെ സ്വഭാവമെന്തെന്നോ, കാഴ്ചപ്പാടുകള്‍ എന്തെന്നോ ചികയേണ്ട ആവശ്യമില്ലെന്നാണ് എനിക്കു തോന്നുന്നത്. താങ്കള്‍ പറഞ്ഞതു പോലെ നല്ല രചനകള്‍ നല്ലവ തന്നെ.

അനില്‍: വിലയിരുത്തല്‍ നിഷ്പക്ഷം തന്നെ. എനിക്കിഷ്ടപ്പെട്ട ഒരു ബ്ലോഗാണ് അത്.

മാണിക്യം: ആവ്യത്യസ്തത തന്നെയാണ് കാപ്പിലാന്‍ എന്ന കവിയെ വ്യത്യസ്തനാക്കുന്നതും. മറ്റുള്ളവരെ എഴുതാന്‍ പ്രേരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. മനസ്സിനു വലിപ്പമുണ്ടെങ്കിലേ അതു സാധിക്കൂ.

അനോണിമസ്‌: ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം... അല്ലേ?

ചാണക്യന്‍: അദ്ദേഹത്തിന്‍റെ ഗവിതാ പ്രയോഗം എന്നെ ഏറെ ചിരിപ്പിച്ചിരുന്നു.

ശ്രീ said...

ബൂലോകത്തെ നല്ലൊരു ശതമാനം ബ്ലോഗ്ഗേഴ്സിനെ ഒരുമിച്ച് നിര്‍ത്തുവാന്‍ കാപ്പിലാന്‍ മാഷ് തുടങ്ങി വച്ച കൂട്ടായ്മകള്‍ മാത്രം മതി അദ്ദേഹത്തെ വിലയിരുത്തുവാന്‍...

നല്ല കുറിപ്പ് മാഷേ