ചെറുമഴനൂലില് ഞാന്‍ കോര്ത്തുകോര്ത്തിട്ടതാം
ഹിമബിന്ദുമാലകള് മാഞ്ഞുപോയി.
അതുപോലെ മായുമോ നിന്മനോഹാരിയാം
മലര്‍സത്വമെന്നൊരാ സത് സ്മരണ.
കുളിര്‍കാറ്റ് വീശുമ്പോള്‍ നിന് മിഴിയിണകളെ
പതിവായ് മറയ്ക്കുന്ന മുടിയിഴപ്പാമ്പുകള്‍
പലവുരു ദംശിച്ചയെന്റെയീ ഹൃദയത്തില്‍
നീലിച്ച ചോരയും വറ്റുകയോ?
കേവലം ഇരുപതു വയസ്സു മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ത്ഥി കുറിച്ചിട്ട വരികളാണിത്. കവി ഉണ്ടാക്കപ്പെടുകയല്ല ഉത്ഭവിക്കുകയോ, അവതരിക്കുകയോ ആണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബ്ലോഗാണ് ഹരിശങ്കരന്‍ കര്‍ത്താവെന്ന, കണ്ണുകളില്‍ ക്രാന്തദര്‍ശിത്വമുള്ള ഈ കൊച്ചു കൂട്ടുകാരന്റെ ഹരിയിടം എന്ന ബ്ലോഗ്. പദലാളിത്യം, അര്‍ത്ഥ-ശാസ്ത്രരാഹിത്യങ്ങളെ തിരയുന്ന കണ്ണുകളെ സജലങ്ങളാക്കുന്ന കാവ്യസൌകുമാര്യമാണ് ഹരിയിടത്തിലെങ്ങും. വാക്കിന്റെ വൈകുണ്ഡം !.
ഹരിശങ്കരന്റെ ബ്ലോഗില്‍ എന്നെ ഹഢാദാകര്ഷിച്ച ഒരു കവിതയാണ് ഭീരുവിന്റെ വിരഹഗാനം. പ്രായത്തെ അതിജീവിച്ചു നില്ക്കുന്ന വാക്കുകള്‍ കാലാതിവര്‍ത്തിയായി പരിണമിക്കുന്ന മാസ്മരികത ഈ കവിത വായിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അനുഭവവേദ്യമാവുക തന്നെ ചെയ്യും. ഞാന്‍ നാളെയുടെ കവി എന്ന് പ്രവചിക്കുവാന്‍ പോന്ന ദൃഢതയും, ഉണ്മയും, കാവ്യസുഗന്ധവുമുണ്ട് ഹരിശങ്കരന്‍ കര്‍ത്താവിന്റെ കവിതകള്‍ക്ക്. എന്നാല്‍ കവി സ്വയം ഒന്നിനും കൊള്ളാത്തവന്‍ എന്നു വിശ്വസിച്ച് നിര്മ്മമനായിരിക്കുന്നു. അവിടെയും സൃഷ്ടികര്ത്താവിന് ഭൂഷണവും ആവശ്യവുമായ ‘ഞാനെന്ന ഭാവമില്ലായ്മ’ അഭിനന്ദനാര്‍ഹമെന്നു മാത്രമല്ല ആദരാര്ഹവും, അനുകരണാര്‍ഹവും കൂടിയാണ്. കവികള്‍ എന്നു ഞെളിയുന്ന മറ്റു പലരിലും ഇല്ലാത്ത ഈ സ്വഭാവസവിശേഷത കവിയുടെ അക്ഷരങ്ങളെ വീണ്ടും വജ്രശോഭയുള്ളതാക്കുന്നു.
വാക്കുകള്‍ക്ക് നിറം കൊടുത്തുള്ള ചില പരീക്ഷണങ്ങള്‍ ഒരു പക്ഷേ ആസ്വാദകന്റെ ചിന്താശേഷിലേക്കുള്ള കടന്നുകയറ്റമാകുമോ എന്നു സംശയമുണ്ട്.
സകലതും ഇരുളായി മാറ്റി മറയ്ക്കുന്നു
നിഴലുകള്‍ വീഴ്ത്തുന്ന മറവിസന്ധ്യ
അതിജീവനത്തിന്റെ തിരിയുമായെത്തുന്ന
പ്രേമാര്ദ്രസ്മരണകള്ക്കെന്ത് കാന്തി!
അതെ, പ്രേമാര്ദ്രസ്മരണകളെ അനുവാചകന്റെ ആത്മാവില്‍ വിളമ്പുന്ന ഈ അക്ഷരങ്ങളും കാന്തിമയം തന്നെ.
ഹരിശങ്കരന്‍ കര്‍ത്താവിന്റെ ബ്ലോഗ് ഇവിടെ
© ജയകൃഷ്ണന് കാവാലം
Sunday, February 22, 2009
Subscribe to:
Post Comments (Atom)
4 comments:
അധികം ആരും കാണതെ പോയതെന്താ ഈ ബ്ലോഗ്? സരസ്വതീദേവി കടാക്ഷം ഉള്ള കുട്ടി ..
കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു
നന്ദി ജയകൃഷ്ണന് വേറിട്ട ഈ ശബ്ദം പരിചയപ്പെടുത്തിയതിന്...
മാണീക്യം
വാസ്തവം ... ഹരി ബ്ലോഗ്ലോകത്ത് ഒരു വാഗ്ദാനം തന്നെ!
നന്നായി ജയകൃഷ്ണന് ഈ പരിചയപ്പെടുത്തലുകള്‍ ... നല്ല വരികള്‍...
മാണിക്യം: കൂടുതല്‍ ഉയരത്തില്‍ എത്തുക തന്നെ ചെയ്യുമെന്നതില്‍ സംശയമില്ല. നല്ല രചനാശൈലി. സര്‍വ്വോപരി ഹരിശങ്കരന്റെ നിര്‍മ്മമതയാണ് ഏറെ ശ്രദ്ധേയം.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി: വായനശാലയിലേക്ക് സ്വാഗതം മാഷേ. സത്യമാണ് മാഷ് പറഞ്ഞത് ബ്ലോഗ് ലോകത്തിനു മാത്രമല്ല മലയാളത്തിനൊട്ടാകെ വാഗ്ദാനമാണ് ഈ കൊച്ചു കവി.
പകല്ക്കിനാവന്: വായനശാലയിലേക്കു സ്വാഗതം
Post a Comment