Tuesday, October 6, 2009

10. ഹേനാ രാഹുല്‍

തീക്ഷ്ണചിന്തകളുടെ നെരിപ്പോടെരിയുന്ന ഒരിടമാണ് ഹേനാരാഹുലിന്‍റെ നിശാശലഭം എന്ന ബ്ലോഗ്‌.

അന്നെല്ലാം വാക്കുകളായിരുന്നു....
വിരിവും സുഗന്ധവുമായവ.
ഓരോ വാക്കിലും തേനൂറും.
നിമിഷത്തേക്കല്ല,തുടര്‍ച്ചകളായി,
വിരിഞ്ഞൊരു വാക്കു മതിയായിരുന്നു നിറയാന്‍,ഒഴുകാന്‍...

ഇങ്ങനെ ഹേനയുടെ വാക്കുകളിലൂടെ തന്നെ പറഞ്ഞാല്‍ വാക്കുകള്‍ പുഴയായി, മദിച്ച് രമിച്ച് ചിന്തകളുടെ തീജ്വാലയായി പടരുന്നുണ്ട്‌ പല കവിതകളിലും.

ആധുനിക സങ്കേതത്തിന്‍റെ സാദ്ധ്യതകളെ നന്നായി ഉപയോഗിച്ചിരിക്കുന്ന പല കവിതകളിലും മനസ്സിന്‍റെ വികാരോഷ്മാവിന്‍റെ പ്രസ്ഫുരണങ്ങള്‍ ഉണ്ട്. ഇവിടെയാണ് കാവ്യം ആസ്വാദനത്തിന്‍റെ തലം വിട്ട് അനുഭമവമായി നമ്മിലേക്കു പടരുന്നത്. ഗാന്ധര്‍വ്വം, കിണര്‍, കര്‍ക്കിടകരാവ്‌, വാക്ക് തുടങ്ങി ഹേനയുടെ ഒട്ടുമിക്ക കവിതകളും കാവ്യത്തെ അനുഭവമാക്കി മാറ്റുന്ന ഐന്ദ്രജാലികത ഉള്‍ക്കൊള്ളുന്നവയാണ്. ഒരു പക്ഷേ അതു തന്നെയാവാം നിശാശലഭത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നതും വര്‍ണ്ണാഭമാക്കുന്നതും.

ചക്കിനും കൊക്കിനും കൊള്ളാത്ത എന്റെ വാക്കുകളെ
വരമൊഴിയുടെ ഉത്സവമെന്ന് നീ പരിചരിക്കുന്നു

എന്ന് ചാറ്റിംഗ് എന്ന കവിതയില്‍ ഹേന പറയുന്നു. എന്നാല്‍,

അമ്മയുടെ കണ്ണില്‍ നിന്നാണ്
ആദ്യത്തെ കടല്‍ അറിഞ്ഞത്
ഉപ്പിന്റെ പ്രഭവമറിഞ്ഞത്
യാത്രയുടെ സ്വാതന്ത്ര്യമറിഞ്ഞത്
ആഴമെത്രയെണ്ണിയാലും
തിരിച്ചടിയുമെന്നും അറിഞ്ഞത്
ഒടുവില്‍
തിരകളില്‍ നിന്നും അസ്തമനസൂര്യനെ കൈകുമ്പിള്‍
നിറച്ചെടുത്ത്
ഉയര്‍ത്തുമ്പോള്‍
ചോര്‍ന്നു പോകുന്നത്
എന്താണെന്നും...

ഇങ്ങനെയൊഴുകുന്ന, അമ്മ എന്ന കവിതയിലെ ഈ വരികളെ അര്‍ത്ഥഗര്‍ഭമായ വാക്കുകളുടെ മഹോത്സവം എന്നു തിരുത്തി വിളിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലളിതമായി പറഞ്ഞു വച്ചിരിക്കുന്ന ഏതാനും വരികള്‍ നമ്മിലേക്കു പകര്‍ന്നു തരുന്ന ഊര്‍ജ്ജം വളരെ വലുതായി അനുഭവപ്പെടുന്നില്ലേ? ലോകം അറിയേണ്ടിയിരിക്കുന്നു ഹേന രാഹുലിനെ...

പനി വീടിനോടുള്ള സ്നേഹമാണ്, കിടക്ക, കഥയിങ്ങനെ എന്നിങ്ങനെയുള്ള ഒരു പിടി കവിതകള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളുടെയും ചിന്തയുടെയും ഗാംഭീര്യവും, ഗഹനതയും, അവയുടെ അവതരണത്തിലെ ലാളിത്യവും, മിതത്വവും അത്യത്ഭുതത്തോടെ ഈ കവയത്രിയെ നിരീക്ഷിക്കുവാന്‍ ഏതൊരു വിമര്‍ശകനേയും, ആസ്വാദകനേയും നിര്‍ബന്ധിതനാക്കുന്നു.

കവിതകളെല്ലാം തന്നെ ആശയസമ്പന്നവും സുന്ദരവുമാണെങ്കിലും പല പല കവിതകളിലും ആവര്‍ത്തിക്കുന്ന ചില വാക്കുകള്‍ കവയത്രിയുടെ പദസമ്പത്തിന്‍റെ ന്യൂനതയെയാണോ അതോ അറിയാതെ സംഭവിച്ചു പോകുന്നതാണോ എന്ന സംശയമുണ്ടാക്കുന്നു. പത്തു കവിതകള്‍ ഒന്നിച്ചു വായിച്ചാല്‍ പത്തിലും പൊതുവായ ചില വാക്കുകള്‍ കടന്നു വരുന്നില്ലേ എന്ന് സംശയം തോന്നുന്നു. കവനകലയില്‍ ഇതൊരു ന്യൂനതയാണോ എന്ന് എനിക്കറിയില്ല. എന്നിരുന്നാലും അത് ചെറിയൊരു കല്ലുകടിയുണ്ടാക്കി. ബ്ലോഗിന്‍റെ ടൈറ്റിലില്‍ ‘ഞാനൊറ്റ’ എന്നൊരു വാചകം എന്താണെന്ന് മനസ്സിലാകുന്നില്ല. ചില വരികള്‍ അനാവശ്യസ്ഥലത്ത് മുറിയുന്നതായി അനുഭവപ്പെടുന്നുണ്ട്.

ഹേനാരാഹുല്‍ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഈ ഒക്ടോബറില്‍ ഒരു വര്‍ഷമാകുന്നു. ഈ കുറഞ്ഞ കാലഘട്ടം കൊണ്ട്‌ ഈ കവയത്രി നമുക്കു തുറന്നു തന്നിരിക്കുന്ന വായനയുടെ വസന്തം വളരെ വര്‍ണ്ണാഭമാണെന്നതില്‍ സംശയമില്ല. കുഞ്ഞു കുഞ്ഞു കവിതത്തുമ്പികള്‍ പറന്നു നടക്കുന്ന നിശാശലഭത്തിന് ഈ ഒന്നാം വയസ്സില്‍ എല്ലാ വിധ ആശംസകളും അറിയിക്കുന്നതോടൊപ്പം മനോഹരമായ ആ ചിന്താധാരകള്‍ ലോകമറിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.


© ജയകൃഷ്ണന്‍ കാവാലം

Tuesday, June 23, 2009

9. നീരജ

കുഞ്ഞു കുഞ്ഞു വാക്കുകളുടെ സൌന്ദര്യമാണ് നീരജ എന്ന തൂലികാനാമത്തില്‍ ബ്ലോഗെഴുതുന്ന രഘുനാഥ് എന്ന കവിയുടെ (ശരിയല്ലേ?) മഴവീട് എന്ന ബ്ലോഗിന്‍റെ സൌന്ദര്യം.

വാരി വലിച്ചു വൃത്തികേടാക്കാതെ ലളിതമായ പദവിന്യാസം കൊണ്ട്‌ പങ്കു വച്ചിരിക്കുന്ന ചിന്തകള്‍ക്ക് ആഴവും, ഭംഗിയുമുണ്ട്. ഹ്രസ്വം മധുരമായിരിക്കും എന്നതിന്‍റെ തെളിവാണ് പല കവിതകളും.

ചിലന്തി വല രൂപപ്പെടുത്തുന്നതിനു മുന്‍പേ
വലയില്‍ വീഴേണ്ടവര്‍
യാത്ര തുടങ്ങിയിട്ടുണ്ടാവും
ലക്ഷൃസ്ഥാനം ഒരുക്കാനുള്ള തിരക്കിലാണ് ചിലന്തി

ഗഹനമായ ചിന്തയ്ക്കു തിരികൊളുത്തുന്ന ധാരാളം ചോദ്യോത്തരങ്ങള്‍ ഈ പത്തു വരിയായി എഴുതിയിരിക്കുന്ന നാലുവരിക്കവിതയിലുണ്ട്. ഇതില്‍ കവി പാലിച്ചിരിക്കുന്ന മിതത്വം തന്നെയാണ് ഈ കവിതയുടെ മൂല്യവും, സൌന്ദര്യവും.

പ്രതീക്ഷ, അകലം, മേല്‍‍ക്കൂര തുടങ്ങി നീരജയുടെ പല കവിതകളും ചൂണ്ടിക്കാണിച്ചു തരുന്നത് നാം കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളെയാണ്. കവി തിരുത്താന്‍ ശ്രമിക്കുന്നില്ല. ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. പല സന്ദര്‍ഭങ്ങളിലും തിരുത്തല്‍ശക്തി കൂടിയായി നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെ എന്തുകൊണ്ടോ കവി ഉള്‍ക്കൊള്ളുന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകാതെയിരുന്നില്ല.

ഈയ്യലുകള്‍ കൂട്ടമായി
ആത്മാഹുതി ചെയ്യുമ്പോള്‍
ഞാന്‍ പറയില്ല
അതിലെന്റെ സ്വപ്നങ്ങളുണ്ടെന്ന്...

ഇങ്ങനെ ഹൃദയത്തില്‍ നൊമ്പരം പകരുമ്പോഴും, പറയാതെ മൌനിയാകുന്നതാണോ കവിധര്‍മ്മം എന്ന് ചിന്തിക്കുന്നത് എത്രമാത്രം യുക്തിയോട് ചേര്‍ന്നു നില്‍ക്കുന്നു എന്നറിയില്ലെങ്കിലും, സ്വതന്ത്രനായ ഒരു അനുവാചകനെന്ന നിലയില്‍ ചിന്തിച്ചു പോയി എന്നു മാത്രം.

പ്രണയത്തെ സ്മരിക്കുന്ന മനോഹരമായ ഒരു കവിതയുണ്ട്‌ മഴവീട്ടില്‍. കൈ പിടിച്ച് കൂടെ നടത്തിയെ അച്ഛന്‍റെ ഓര്‍മ്മ പോലെ ആര്‍ദ്രമായി പ്രണയത്തെ ചിത്രീകരിച്ചിരിക്കുന്നത് അത്ഭുതമുളവാക്കി. ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന ഏതൊരാളുടെയും നഷ്ടവസന്തത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ പോന്ന ആ കവിതയിലും കവി പാലിച്ചിരിക്കുന്ന -മേല്‍ സൂചിപ്പിച്ച- മിതത്വം മറ്റെല്ലാ കവിതെയെയുമെന്ന പോലെ ഈ കവിതയെയും മനോഹരിയാക്കുന്നു.


© ജയകൃഷ്ണന്‍ കാവാലം

Saturday, May 30, 2009

നിഴലില്‍ പരതിയപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍

അനിതരസാധാരണമായ നിരീക്ഷണപാടവം, ചെറുതില്‍ നിന്നും വലുതിലേക്കും, അതു പോലെ തന്നെ വലുതില്‍ നിന്നും ചെറുതിലേക്കും അതിവേഗത്തില്‍, ആയാസരഹിതമായി സഞ്ചരിക്കുവാന്‍ കഴിയുന്ന ആഖ്യാനരീതി ഇതു രണ്ടുമാണ് കാപ്പിലാന്‍ കവിതകളുടെ പ്രധാന പ്രത്യേകതകളായി ആദ്യ വായനയില്‍ അനുഭവപ്പെട്ടത്.

അമ്മയെ ഓര്‍ത്തുകൊണ്ട് തുടങ്ങിയിരിക്കുന്ന ‘നിഴല്‍ച്ചിത്രങ്ങള്‍‘ എന്ന കവിതാ സമാഹാരത്തെ ഒരു പ്രവാസിയുടെ പരിശ്രമം അല്ല മറിച്ച് സ്വന്തം നാട്ടില്‍, സ്വന്തം സമൂഹവുമായി ഇടപഴകി ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യന്‍റെ ഉള്‍ത്തുടിപ്പുകളായി മാത്രമേ വിലയിരുത്തുവാന്‍ കഴിയുകയുള്ളൂ.

സ്നേഹിച്ചു നിങ്ങളെ ഞാനെന്‍ പ്രാണനേക്കാള്‍
സ്വപ്നങ്ങള്‍‍ ഒരുപാടു കണ്ടിരുന്നു

എന്ന് തന്‍റെ ആദ്യ കവിതയിലൂടെ കവി അമ്മയുടെ മനസ്സിനെ ആവിഷ്കരിക്കുന്നു. ആ കവിതയെ അനുഭവിക്കുമ്പോള്‍ ആര്‍ദ്രമാവാത്ത മനസ്സുള്ളവന്‍ മനുഷ്യനല്ല. അതിലെ തന്നെ രണ്ടാമത്തെ കവിത. കരിയില. കുമാരനാശാന്‍റെ വീണപൂവിനെ ഓര്‍ത്തു പോയി ആ കവിത കണ്ടപ്പോള്‍. എന്നും നന്മയെ വാഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള കാവ്യശാഖയാണ് നമുക്കുള്ളത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവയെ, അത് കരിയിലയായാലും, സാമൂഹിക വിഷയങ്ങളായാലും, എന്തു തന്നെയായാലും ജനം തിരിച്ചറിയാത്തവയെ ചൂണ്ടിക്കാണിക്കുക എന്നത് കവിധര്‍മ്മമാണ്. അതിനുള്ള ആര്‍ജ്ജവം (ആണത്തം) കവിക്കുണ്ടാകണം. ഇന്ന് ബ്ലോഗുകളില്‍ പലര്‍ക്കും ഇല്ലാതെ പോയ നട്ടെല്ല് എന്നു പറയുന്ന സാധനം നിഴല്‍ച്ചിത്രകാരന് ഉണ്ട് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അതോടനുബന്ധിച്ചു വരുന്ന പോസ്റ്റുകളിലെ അനോണികളുടെ കൈകൊട്ടിക്കളി.

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്‍റെയംഗ-
മാവിഷ്കരിച്ചു ചിലഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

എന്ന് കാവ്യസൌകുമാര്യം വഴിഞ്ഞൊഴുകുന്ന, മലയാളകവിതകളിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നു തന്നെയായ വീണപൂവിലൂടെ പാടിയ മഹാകവി പോലും കാണാതെപോയ ഒരു കാഴ്ചയാണ് ആ പൂവിനു ചുറ്റും കിടന്നിരുന്നേക്കാവുന്ന അനേകം കരിയിലകളെ. ആ കരിയിലകളേക്കുറിച്ചു പാടാനും നമുക്കൊരു കവി വേണ്ടേ? വീണപൂവിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന നമ്മുടെ മനസ്സുകളില്‍ നൂറു നിമിഷമെങ്കിലും കാപ്പിലാന്‍റെ കരിയില ചലനം സൃഷ്ടിക്കുമെന്നതില്‍ സംശയമേതുമില്ല.

മുന്‍പ് എവിടെയോ എഴുതിയത് ആവര്‍ത്തിക്കട്ടെ, കുമാരനാശാന്‍ വീണപൂവ്‌ എഴുതുന്നതിനു മുന്‍പും ഇവിടെ ധാരാളം പൂവുകള്‍‍ കൊഴിഞ്ഞിരുന്നു. എന്നാല്‍ ക്രാന്തദര്‍ശിയായ കവി അതു കണ്ടപ്പോള്‍ മാത്രമാണ് ആ കാഴ്ചയില്‍ നിന്നും കാവ്യം ജനിച്ചത്. ഈ ക്രാന്തദര്‍ശിത്വം, നിരീക്ഷണപാടവം കാപ്പിലാന്‍ കവിതകളുടെ സൌന്ദര്യത്തിന് മാറ്റു കൂട്ടുന്നു.

നാം തൃണവല്‍ഗണിച്ചു കടന്നു പോകുന്ന കാഴ്ചകളിലെ സന്ദേശങ്ങള്‍ കാവ്യരൂപത്തില്‍ മനസ്സുകളിലേക്കു പകരുക എന്നത് ഒരു സിദ്ധി കൂടിയാണ്. അതിനൊരുത്തമ ഉദാഹരണമാണ് കുപ്പത്തൊട്ടി, തൂവാല, പഴത്തൊലി എന്നീ കവിതകള്‍. അവിടെ കവി പറയാതെ പറഞ്ഞു വച്ച - ചൂണ്ടിക്കാണിക്കുന്ന- ഒരു സത്യമുണ്ട്‌. നിശ്ശബ്ദസേവനത്തിന്‍റെ സന്ദേശം. കുപ്പത്തൊട്ടിയോടു പറയാനുള്ളതു പറഞ്ഞ് കടന്നു പോകുന്ന കവി, അനുവാചകന്‍റെയുള്ളില്‍ മറ്റു ചില ചിന്തകള്‍ കൂടി വിതച്ചിട്ടു പോകുന്നു. മനുഷ്യര്‍ക്കിടയിലും നിസ്വാര്‍ത്ഥവും, നിശ്ശബ്ദവുമായി സേവനമനുഷ്ഠിക്കുന്ന പലരും ഈ കുപ്പത്തൊട്ടി പോലെയാണ്. അവര്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുക മാത്രം ചെയ്യുന്നു. ശേഷം അവജ്ഞയും. അതേത്തുടര്‍ന്നു വരുന്ന കാളാമുണ്ടം എന്ന കവിതയും നമ്മെ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്നു.

കവിതകളുടെ സാങ്കേതികവശം പരിശോധിച്ചാലും, കാലഘട്ടത്തിന് അനുയോജ്യമായ ഭാഷയും,ശൈലിയും,അവതരണവുമാണ്. സമകാലീന സംഭവവികാസങ്ങളോടും, വ്യവസ്ഥിതിയോടും സം‌വദിക്കുകയും, പ്രതികരിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നവയാണ് കാപ്പിലാന്‍റെ ഒട്ടുമുക്കാലും കവിതകള്‍. അവര്‍ പരിധിക്കു പുറത്താണ് എന്ന കവിത ഗഹനമായി ചിന്തിപ്പിക്കുന്ന ഒന്നാണ്. പാണ്ഡിത്യത്തിന്‍റെ ഉന്നത തലത്തിലിരുന്നു കൊണ്ട് അല്ലെങ്കില്‍ മറ്റേതോ ലോകത്തിലിരുന്നു കൊണ്ട് താഴേക്കു നോക്കി കൊഞ്ഞനം കാട്ടുകയല്ല, മറിച്ച് ഭൂമിയില്‍ നിന്നുകൊണ്ട്‌ ചുറ്റും നോക്കി അവനവന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തെയും, അവനവനെത്തന്നെയും നോക്കി കവിതപാടുന്ന ഈ ശൈലി എടുത്തു പറയേണ്ട ഒരു വസ്തുത ആണെന്നു മാത്രമല്ല ഇന്നത്തെ കവികള്‍ എന്ന് അവകാശപ്പെടുന്ന പല കെങ്കേമന്മാര്‍ക്കും ഒരിക്കലും സാധിക്കാത്ത ഒരു കാര്യവും കൂടിയാണ്. എടുത്തു പറയട്ടെ, അഹങ്കാരം ഇല്ലായ്മ മാത്രമാണ് കവിതയെ ഇത്തരത്തില്‍ സമീപിക്കുവാന്‍ കവിയെ ശക്തനാക്കുന്നത്. ഒരു ചെറു പുഞ്ചിരിയിലൂടെ കരണത്തടിക്കുന്ന ഹാസ്യകവനകലയുടെ മര്‍മ്മം നന്നായി ദര്‍ശിക്കാവുന്ന കവിതകള്‍ കവിയുടെ കൊള്ളികള്‍ എന്ന ബ്ലോഗിലും, നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിലും വേണ്ടുവോളമുണ്ട്.

കവിയാകാന്‍ വേണ്ടി കവിതകളെഴുതുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്‌. അത്തരം കവിതകളില്‍ ഒരു ‘വലിഞ്ഞു കേറി വന്ന’ അനുഭവം നമുക്കു കാണാന്‍ കഴിയും. ഭാഷയുടെ കാര്യത്തിലായാലും, വിഷയത്തിന്‍റെ കാര്യത്തിലായാലും, അവതരണത്തിന്‍റെ കാര്യത്തിലായാലും എല്ലാം ആ ഒരു വലിഞ്ഞു കയറ്റത്തിന്‍റെ വൈരുദ്ധ്യം അത്തരം കവിതകളില്‍ കാണാം. ഇവിടെ, ലാല്‍ പി തോമസ് എന്ന വ്യക്തിയും കാപ്പിലാന്‍ എന്ന കവിയും വേര്‍പിരിയാനാവാത്തവിധം ഒന്നായി (ലാല്‍ പി തോമസിന്‍റെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും ആവിഷ്കരിക്കുന്നതില്‍ കാപ്പിലാന്‍ എന്ന കവിക്ക് തെല്ലും പിഴവു സംഭവിക്കുന്നില്ല എന്നര്‍ത്ഥം) നില്‍ക്കുകയാണ് എന്നതുകൊണ്ടു തന്നെ കാപ്പിലാന്‍ കവിതകളില്‍ വൈരുദ്ധ്യങ്ങള്‍ കാണുവാന്‍ വിഷമമാണ്.

ചില കവിതകളില്‍ അസ്ഥാനത്ത് വരികള്‍ മുറിച്ച് വൃത്തികേടാക്കിയതു പോലെ അനുഭവപ്പെട്ടു. അപ്പൊഴും അതിലെ ആശയം ഗംഭീരം തന്നെ. കവിയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന കവിതകളും നിഴല്‍ച്ചിത്രങ്ങളില്‍ ധാരാളമുണ്ട്.

ലളിതമായ വാക്കുകളിലൂടെ അനല്പമായ കാര്യങ്ങള്‍ ഒരു അദ്ധ്യാപകനേപോലെയോ, പ്രാസംഗികനെപ്പോലെയോ മേടയില്‍ നിന്നു പ്രസംഗിക്കാതെ, ഒരു നല്ല സുഹൃത്തായി കവി നമ്മുടെ ഹൃദയത്തിലിരുന്ന് ചൊല്ലിത്തരുന്ന അനുഭവമാണ് ഈ കൊച്ചു പുസ്തകം വായിച്ചതിലൂടെ എനിക്കനുഭവപ്പെട്ടത്. ഈ പുസ്തകം മലയാളസാഹിത്യലോകത്തിന് ലഭ്യമായ വിലപ്പെട്ട ഒരു സംഭാവന തന്നെയെന്നതില്‍ സംശയമില്ല.

കവിക്ക് എല്ലാവിധ ആശംസകളും, നന്മയും നേരുന്നു.

© ജയകൃഷ്ണന്‍ കാവാലം

Saturday, May 2, 2009

8. കാദംബരി

കേവലം രണ്ടു പോസ്റ്റുകള്‍ മാത്രം ഇതുവരെ ഉള്ള ഒരു ബ്ലോഗാണ് കാദംബരിയുടെ ലോകം. എങ്കിലും കവിത്വം നിറഞ്ഞ വരികള്‍ കവയത്രിയുടെ ഭാവനാനൈപുണിയേയും, നിരീക്ഷണത്തെയും വെളിവാക്കുന്നുണ്ട്‌. അതു തന്നെയാണ് വായനശാലയില്‍ കാദംബരിക്കുള്ള സ്ഥാനവും.

നിന്‍ കരസ്പര്‍ശമാം
ചന്ദനകുളിരണിയുവാന്‍
തരിക നീ പച്ചപ്പിന്‍
മൃദു സ്വപ്ന കംബളം...

എന്നവസാനിക്കുന്ന കാദംബരിയുടെ ലോകത്തിലെ രണ്ടാമത്തെ കവിതയിലെ അവസാന വരികള്‍ ശ്രദ്ധിക്കൂ, വരണ്ടുണങ്ങിയ മരുഭൂമിയില്‍ പച്ചപ്പ്‌ കൊതിക്കുന്ന മനസ്സിന്‍റെ പ്രാര്‍ത്ഥനയെ എത്ര സൌമ്യമായി അവതരിപ്പിച്ചിരിക്കുന്നു. പ്രതീക്ഷ അത് മരുഭൂവില്‍ പച്ചപ്പിനോ, ഒരിറ്റു ദാഹജലത്തിനോ ആയാലും, വേദനിക്കുന്ന ഹൃദയം കൊതിക്കുന്ന സ്നേഹമായാലും, യോഗി പ്രത്യാശിക്കുന്ന മോക്ഷമായാലും; എന്തിനേറെ ഒരു പ്രിയസുഹൃത്തിന്‍റെ ആഗമമായാല്‍ പോലും, പ്രതീക്ഷക്കും, പ്രതീക്ഷ എന്ന പദത്തിനും ഒരു ഉണ്മയുണ്ട്‌, ശുഭത്വമുണ്ട്‌. അത് ചോര്‍ന്നു പോകാതെ എഴുതിയിരിക്കുന്നു ഈ കവിതയില്‍.

ഹൃദ്യമായ ഡിസൈനും, ലേ ഔട്ടും ഈ കുഞ്ഞു ബ്ലോഗിനെ വിശിഷ്യാ മനോഹരമാക്കിയിരിക്കുന്നു. കവയത്രി (അതോ കവിയോ?) ഇനിയും ധാരാളം എഴുതേണ്ടിയിരിക്കുന്നുവെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഈ തുടക്കം മധുരതരം തന്നെയെന്നത് അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.

അധികമാരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത ഈ ബ്ലോഗിന് പ്രത്യേകം ശ്രദ്ധയും, പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ട്‌. കാദംബരിയുടെ ടൈറ്റില്‍ ബാനറില്‍, തേന്‍ നുകരാനെത്തുന്ന ചിത്രശലഭങ്ങളെപ്പോലെ ഭാവിയില്‍ ഇവിടെ വിരിഞ്ഞേക്കാവുന്ന പദമലരുകളുടെ കാവ്യമാധുര്യം നുകരുവാന്‍ ധാരാളം ആസ്വാദകര്‍ വന്നെത്തുമെന്നതില്‍ സംശയം തോന്നുന്നില്ല.

വര്‍ത്തമാനത്തിന്‍റെ നോവില്‍ ഗംഗാജലം വര്‍ഷിച്ചു ശാന്തമാക്കുവാനും, വ്യവസ്ത്ഥിതിയുടെ അപചയങ്ങളില്‍ പ്രഹരശക്തിയാകുവാനും പോന്ന ശക്തിയും, സൌന്ദര്യവും കാദംബരിയുടെ അക്ഷരങ്ങള്‍ക്ക്‌ ലഭിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

കാദംബരിയുടെ ലോകം ഇവിടെയാണ്

© ജയകൃഷ്ണന്‍ കാവാലം

Wednesday, March 25, 2009

7.ജ്യോതിര്‍മയി ശങ്കരന്‍

ജ്യോതിര്‍മയമായ കാവ്യസൌന്ദര്യം തുളുമ്പുന്ന ഒട്ടേറെ കവിതകളുള്ള ഒരു ബ്ലോഗാണിത്. കവയത്രി ഇനിയും ഒരുപാട്‌ യാത്ര ചെയ്യേണ്ടിയിരിക്കുന്നു എന്നത് സത്യമെങ്കിലും എത്തി നില്‍ക്കുന്ന ദൂരം മനോഹാരിതക്ക് ഒട്ടും കുറവില്ലാത്ത വസന്തഭൂമി തന്നെയെന്നതില്‍ സംശയമില്ല. പല കവിതകളിലൂടെയും കടന്നു പോകുമ്പോള്‍, ഒരു മനസ്സു വായിച്ചറിയുന്ന അനുഭവമാണ് ജ്യോതിര്‍മയം അനുവാചകനു നല്‍കുന്നത്. പലതും ജീവിത ഗന്ധിയായ, ജീവനുള്ള വരികള്‍. സ്വാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണോ എന്ന് സംശയിപ്പിക്കുന്ന പല വരികളും സൂക്ഷ്മവായനയില്‍ ഗ്രഹിച്ചെടുക്കാം. എന്നിരുന്നാലും വാരിവലിച്ച്, ചവറുകളാക്കാതെ പദഭംഗികൊണ്ട്‌ അലങ്കരിച്ച് അവതരിപ്പിച്ചിരിക്കുന്നത് കവയത്രിയുടെ സര്‍ഗ്ഗാത്മകതയുടെ ഉദാഹരണമായി എടുത്തു കാട്ടാവുന്നതാണ്.


പുരാണ-ചരിത്ര കഥാഖ്യായികളായ ചില കവിതകള്‍ - ഇതെഴുതാന്‍-ഇങ്ങനെയെഴുതാന്‍- ഈ കാലഘട്ടത്തില്‍ ഒരാള്‍ എന്ന അത്ഭുതം നമ്മില്‍ ജനിപ്പിച്ചേക്കം. കവിതയുടെ ശാസ്ത്രീയമായ ചട്ടക്കൂടുകളോ, അവതരണമികവോ അല്ല, ഇത്തരമൊരു വിഷയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുവാനും, ഭംഗിയായി തന്നെ അതിനെ അവതരിപ്പിക്കുവാനുള്ള ശ്രമം അത്‌ ആദരണീയവും, അഭിനന്ദനീയവുമത്രേ.


തീവണ്ടിയാത്രയില്‍ എന്ന കവിത, ഒരു ചിത്രം കാണുന്നതുപോലെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്‌.


ഊര്‍മ്മിള, ജീവിതയാത്ര, പ്രണയ ദിനത്തില്‍ തുടങ്ങിയ കവിതകള്‍ പല തലത്തിലുള്ള വായന അര്‍ഹിക്കുന്നു എന്നു തോന്നുന്നു. വിശിഷ്യാ പ്രണയദിനത്തില്‍ എന്ന കവിത ശിഥിലവും അര്‍ത്ഥശൂന്യവുമാകുന്ന സ്നേഹബന്ധങ്ങള്‍ക്കും, കടല്‍കടന്നെത്തുന്ന ഏതൊരു സംസ്കാരത്തെയും കീഴ്മേല്‍ നോക്കാതെ നെഞ്ചേറ്റു വാങ്ങുന്ന ഒരു വിഭാഗം ജനതയുടെയും മേല്‍ പ്രഹരമേല്‍‍പ്പിക്കാന്‍ പോന്ന ഊര്‍ജ്ജമുള്‍ക്കൊള്ളുന്നവയാണ്. എന്നാല്‍ ഈ കവിതയിലൂടെ കവയത്രി പറഞ്ഞു വച്ച കാര്യങ്ങള്‍ക്ക് ശക്തി പോര എന്നും അനുഭവപ്പെട്ടു. കവിതയുടെ ഊര്‍ജ്ജപ്രവാഹത്തിന് വാക്കുകളുടെ ദൌര്‍ബല്യം തടസ്സമാകുന്നുവെന്ന് അനുഭവപ്പെട്ടു.


ജ്യോതിര്‍മയത്തിലെ യാത്രാക്കുറിപ്പുകള്‍ തുടങ്ങിയ ഇതര സൃഷ്ടികളോട്‌ അത്ര മമത തോന്നിയില്ല എങ്കിലും ശ്രമം പ്രശംസനീയം തന്നെ.


ജ്യോതിര്‍മയത്തില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കവിതയാണ് ദുഃഖ ജല്‍‍പനങ്ങള്‍ എന്ന കവിത.


എവിടെയോ കൊത്തിവലിയ്ക്കുന്നിതെന്‍ മന-
മൊരുപാടു സഞ്ചരിച്ചിന്നീ നിമിഷത്തില്‍
അറിയുവാനൊട്ടു ത്വരയുണ്ടു, ചൊല്ലുവാ-
നൊരുപാടു കൊച്ചു നിമിഷമെന്നോര്‍മ്മയില്‍


ശരിയാണ്... വാക്കുകള്‍ മനസ്സിനെ കൊത്തി വലിക്കുന്നുണ്ട്.


ജ്യോതിര്‍മയം ഇവിടെ


© ജയകൃഷ്ണന്‍ കാവാലം

Monday, March 23, 2009

6. ശ്രീ

ലാളിത്യത്തിന്‍റെ അക്ഷരരൂപമാണ് ശ്രീയുടെ ഓരോ പോസ്റ്റും. ഇന്നുള്ള ബ്ലോഗുകളില്‍ ആര്‍ദ്രമായ മനസ്സോടെ മാത്രം കടന്നു ചെല്ലുവാനും, ഹൃദയം നിറയെ സ്നേഹം, നന്‍‍മ തുടങ്ങിയ മൃദുല വികാരങ്ങളുമായി പടിയിറങ്ങുവാനും കഴിയുന്ന അത്യപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്ന്‌. ഒരു പക്ഷേ ഒന്നേയൊന്നു മാത്രം.

മൌനത്തിന്‍റെ സൌന്ദര്യവും, വ്യാപ്തിയുമുണ്ട്‌ ശ്രീ കുറിച്ചിടുന്ന ഓരോ അക്ഷരങ്ങളിലുമെന്ന് പലപ്പോഴും തോന്നിയിടുണ്ട്. വളരെ ലളിതമായ അവതരണശൈലിയും, ജീവിതത്തോട്‌ വളരെയധികം അടുത്തു നില്‍ക്കുന്ന വിഷയങ്ങളും, ആ വിഷയങ്ങളോടുള്ള എഴുത്തുകാരന്‍റെ മമതയും ശ്രീയെ വേറിട്ടു നിര്‍ത്തുന്നു. വായനയിലൂടെ നമുക്ക് ലഭിക്കുന്നത് നന്മയുടെ നിറവ്‌ മാത്രം.

ശ്രീയുടെ നീര്‍മിഴിപ്പൂക്കള്‍ എന്ന ബ്ലോഗിലെ പല സൃഷ്ടികളും ഗ്രാമ്യസൌന്ദര്യത്തിന്‍റെ മൌനസംഗീതങ്ങളാണ്, ഗ്രാമീണന്‍റെ ആത്മനൊമ്പരങ്ങളും, നന്മയും, ലാളിത്യവുമാണ്. ഇതേ ബ്ലോഗില്‍ തന്നെ ഏറെ ആകര്‍ഷിച്ച ഒരു പോസ്റ്റാണ് ‘ഒരു പിടി ചോറിന്‍റെ വില’ എന്ന പോസ്റ്റ്. നമ്മുടെയൊക്കെ മനസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ നന്മയുടെ പ്രകാശത്തെ ശ്രീയുടെ ഒരു പിടി അക്ഷരങ്ങള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ ആത്മാവില്‍ തെളിയിക്കുന്നത് വായനയില്‍ സജലങ്ങളാകുന്ന നമ്മുടെ കണ്ണുകള്‍ നമ്മെ ബോദ്ധ്യമാക്കിത്തരും.

ഒരു കഥ പോലെ തുടങ്ങുന്ന ആ സംഭവ കഥ വായിച്ചാല്‍ വിതുമ്പാത്ത ചുണ്ടുകളോ, തുളുമ്പാത്ത മനസ്സോ, നിറയാത്ത കണ്ണുകളോ ഒരു മനുഷ്യനുണ്ടാകില്ല. ഇവിടെ ഇന്ദ്രജാലം തീര്‍ക്കുന്നത് ശ്രീയുടെ അക്ഷരങ്ങളോ, അവതരണ ശൈലിയോ അതോ അനുഭവങ്ങളുടെ മൂല്യമോ എന്ന് വേര്‍തിരിച്ചറിയാനുള്ള മാനസിക വ്യാപ്തി എനിക്കില്ല.

നന്ദപര്‍വ്വം എന്ന ബ്ലോഗറായ ശ്രീ. നന്ദന്‍റെ അതിമനോഹരമായ ടൈറ്റില്‍ ബാനറും, ബ്ലോഗ്‌ ലേ ഔട്ടുമെല്ലാം നീര്‍മിഴിപ്പൂക്കള്‍ക്ക് മാറ്റു കൂട്ടുന്നു. രചനകള്‍ക്ക് ദൈര്‍ഘ്യം കൂടുന്നുവെങ്കിലും നാമതറിയില്ല എന്നത് സത്യം.

“ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല“ എന്ന്‌ നീര്‍മിഴിപ്പൂക്കളില്‍ ശ്രീ തന്നെ പറയുന്നുണ്ട്‌. നന്‍‍മയെന്നു വിളിക്കാം എന്നാണെന്‍റെ പക്ഷം. നന്‍‍മയെന്നു മാത്രം...

ശ്രീയുടെ നീര്‍മിഴിപ്പൂക്കള്‍ വിടരുന്നതിവിടെ...

© ജയകൃഷ്ണന്‍ കാവാലം

Wednesday, March 18, 2009

5. പ്രദീപ്‌ പേരശ്ശന്നൂര്‍

നിലവാരമുള്ള അക്ഷരവിന്യാസം കൊണ്ട്‌ വേറിട്ട് നില്‍ക്കുന്ന ഒരു ബ്ലോഗാണ് പ്രദീപ്‌ പേരശ്ശന്നൂരിന്‍റേത്. ‘എന്‍റെ കഥകള്‍‘ എന്ന് പേരുള്ള ഈ ബ്ലോഗില്‍ ശ്രദ്ധേയമായ വൈവിദ്ധ്യങ്ങള്‍ ചിലതുണ്ട്‌. എന്‍റെ കഥകള്‍ എന്നാണ് ആ ബ്ലോഗിന്‍റെ പേരെങ്കിലും കഥയും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം പരസ്പരം സന്ധിക്കുന്ന ധാരാളം മുഹൂര്‍ത്തങ്ങള്‍ വായനയിലൂടെ നമുക്കു തിരിച്ചറിയാന്‍ കഴിയും.

സ്വന്തം പേരും, ഫോട്ടോയും ഫോണ്‍ നമ്പരും സഹിതം പ്രസിദ്ധീകരിക്കുന്ന ഈ ബ്ലോഗില്‍ സുതാര്യമായ ഒരു തുറന്നെഴുത്ത് ശൈലി തന്നെ എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നതും, ശക്തിയുള്ള അക്ഷരങ്ങളിലൂടെ സം‌വദിച്ചിരിക്കുന്നതും ആകര്‍ഷകവും, മനോഹരവുമായി അനുഭവപ്പെടുമ്പൊഴും, മനസ്സു കൊണ്ട്‌ അംഗീകരിക്കാന്‍ (ഉള്‍ക്കൊള്ളാന്‍) നമ്മുടെ സാമൂഹിക-സാംസ്കാരിക-സദാചാര ചിന്തകള്‍ പ്രതിസന്ധി തീര്‍ത്തേക്കാവുന്ന ചില പ്രസ്താവനകളും ഇതിലുണ്ട്‌.

അദ്ദേഹത്തിന്‍റെ ‘കൌമാര രതിസ്മരണകള്‍‘ എന്ന തുടര്‍ പോസ്റ്റുകളില്‍ ചിലയിടങ്ങളിലെ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും, മനുഷ്യന്‍ തന്‍റെ വളര്‍ച്ചാഘട്ടത്തില്‍ ഒരു പക്ഷേ സഞ്ചരിച്ചേക്കാവുന്ന ചിന്താതലങ്ങളെ പങ്കുവയ്ക്കുക മാത്രമാണ് പ്രദീപ്‌ ചെയ്തിരിക്കുന്നതെന്നും, എഴുത്തില്‍ എങ്ങും തന്നെ അശ്ലീലപദപ്രയോഗങ്ങള്‍ ലവലേശം കടന്നു വരാത്ത ഈ ശൈലി ഒരു ക്ലാസ്സിക് നിലവാരം പുലര്‍ത്തുന്നുവെന്നും തിരിച്ചറിയുന്നവര്‍ എത്ര ശതമാനമുണ്ടെന്ന്‌ ചിന്തിച്ചു പോവുകയാണ്.

സ്വന്തം പ്രവൃത്തികളെ, ചിന്തകളെ, കഴിഞ്ഞകാലങ്ങളെ പുനരാവിഷ്കരിക്കുമ്പോള്‍ (സ്വാനുഭവം തന്നെയാണെങ്കില്‍) കഥാകാരന്‍ സത്യസന്ധനായിരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഉദ്യമിക്കുക എന്നത് അനുവാചകന്‍റെ ദുഃസ്വാതന്ത്ര്യമായേ പരിഗണിക്കുവാന്‍ നിവൃത്തിയുള്ളൂ. കഥയുടെ വാസ്തവികതയെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കാതെയാണ് കഥാഖ്യാനത്തിലെ സദാചാരയുക്തിയെ ചോദ്യം ചെയ്യുന്നതെന്ന് പ്രസ്തുത ബ്ലോഗിലെ ചില കമന്‍റുകള്‍ നമ്മെ മനസ്സിലാക്കിത്തരുന്നു.

മനശ്ശാസ്ത്രവിശകലനത്തിനു പോലും യോഗ്യതയുള്ള നിലവാരമുള്ള ഒരു കൂട്ടം രചനകളാണ് പ്രദീപ്‌ പേരശ്ശന്നൂരിന്‍റെ കൌമാര രതിസ്മരണകള്‍ എന്ന ഒരുകൂട്ടം രചനകള്‍ എന്നതില്‍ സംശയം തോന്നുന്നില്ല. പ്രദീപിന്‍റെ ഇതര കൃതികളും വ്യത്യസ്തവും, നിലവാരമുള്ളതുമായവ തന്നെയാണ്.

നമ്മുടെ സദാചാരബോധത്തിന് വെല്ലുവിളിയായി ശരീരമോ, മനസ്സോ, പ്രായമോ വൈകാരികമായി നിലകൊള്ളാവുന്ന അസംഖ്യം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. കേവലം ശാരീരികമോ, മാനസികമോ അല്ലാതെ ധാര്‍മ്മികതലത്തിലുള്ള ചേരി ചേരലുകള്‍ പോലും ഇത്തരം പ്രതിസന്ധിയില്‍ നമ്മെ പലപ്പോഴും കൊണ്ടെത്തിച്ചേക്കാവുന്നതുമാണെന്നിരിക്കെ, അത്തരം മേഖലകളില്‍ കൂടി ചിന്തയെയും, എഴുത്തിനെയും വ്യാപരിപ്പിക്കാവുന്നതാണ്‌. അത്തരം തുറന്നെഴുത്തുകളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് എന്‍റെ നിരീക്ഷണം. നല്ല ഒരു ഭാവിയുള്ള എഴുത്തുകാരന്‍ തന്നെയാണ് പ്രദീപ്‌ എന്നതില്‍ സംശയമേതുമില്ല.

അദ്ദേഹത്തിന്‍റെ എനിക്കേറെയിഷ്ടപ്പെട്ട രചന; ഏറ്റവും പുതുതായി പ്രസിദ്ധീകരിച്ച പാരിതോഷികം എന്ന കൃതിയാണ്. ഹൃദയസ്പര്‍ശിയായ, ജീവിതഗന്ധം കൊണ്ടും, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നഗ്നമായ അവതരണം കൊണ്ടും ഹൃദ്യമായ ഒരു കൃതി.

ശ്രീ പ്രദീപ്‌ പേരശ്ശന്നൂരിന് എല്ലാവിധ ആശംസകളും നേരുന്നു


പ്രദീപ്‌ പേരശ്ശന്നൂരിന്‍റെ കഥകളിലേക്ക്‌ ഇതിലേ പോകാം

© ജയകൃഷ്ണന്‍ കാവാലം

Wednesday, March 4, 2009

4. നന്ദ

പോരുന്ന വഴി കണ്ടു
ഏതൊക്കെയോ കൈകളില്‍
പൊട്ടിയ കണ്ണാടിക്കഷണങ്ങളില്‍
പ്രതിഫലിച്ച്
എന്റെയാകാശത്തിന്‍ തുണ്ടുകള്‍...

ആധുനിക കവിതകളുടെ നല്ലൊരു ശേഖരമാണ് നന്ദയുടെ നിര്‍വചനം എന്ന ബ്ലോഗ്. ആധുനിക കവിത എന്ന പേരില്‍ വിവരക്കേടുകള്‍ മാത്രമെഴുതി വിടുന്ന കവികള്‍ക്ക് ആധുനികതയെന്തെന്ന് കണ്ടറിയാവുന്ന ഒരിടം.

കവിത ഏതു സമ്പ്രദായത്തിലൂടെ അവതരിപ്പിച്ചാലും അത് സം‌വേദനക്ഷമമല്ലെങ്കില്‍ എന്തു ഫലം? ഇവിടെ നിര്‍വചനം സം‌വേദനക്ഷമമായ കവിതകള്‍ക്ക് ഒരു ഉത്തമ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു.

എന്നാല്‍ ചില കവിതകളില്‍ പൂര്‍ണ്ണമാക്കാതെ തൂലിക പിന്‍‍വലിച്ചതു പോലെ ഒരനുഭവം ഉണ്ടാകാതെയിരുന്നില്ല

നിര്‍വചനം എന്ന ബ്ലോഗില്‍ മനസ്സില്‍ തൊട്ട ചില കവിതകള്‍ കൊറിയര്‍, പര്യായപദം, അങ്ങനെയാണ് തുടങ്ങിയ കവിതകളായിരുന്നു.

ഹ്രസ്വമായ കവിതകളും മനോഹരമായ ലേ ഔട്ടും നിര്‍വചനത്തിന് വേറിട്ട അഴക് നല്‍കുന്നു. നിര്‍വചനത്തിന്‍റെ നിര്‍വചനം വായിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്‌

നിര്‍വചനത്തിലേക്ക് ഇതിലേ പോകാം

© ജയകൃഷ്ണന്‍ കാവാലം

Saturday, February 28, 2009

3. മുരളീകൃഷ്ണ മാലോത്ത്


മലയാളം ബ്ലോഗുകളില്‍ നല്ല കവിത വിളയുന്ന മറ്റൊരിടമാണ് മുരളീരവം. മുരളീകൃഷ്ണ മാലോത്ത് എന്ന മാധ്യമപ്രവര്‍ത്തകനായ കവിയുടെ തൂലികയിലൂടെ വ്യത്യസ്ഥവും എന്നാല്‍ ആഴമുള്ളതുമായ ഒരു ആസ്വാദനം അവിടെ നിന്നും ലഭിക്കുന്നു. ‘കവിത എഴുതാന്‍ വേണ്ടി കവിത എഴുതുന്ന’ പ്രകൃതം ഇല്ലാത്തതു കൊണ്ടു തന്നെ ചവറുകള്‍ ഇല്ലാത്ത ഒരു ബ്ലോഗാണത്. വായിച്ചു പോകുന്ന വരികളെല്ലാം മധുരതരം. പല കവിതകള്‍ക്കും തിരുത്തുവാനും, ശാസിക്കുവാനുമുള്ള ശക്തിയുണ്ട്‌.


പ്രണവമാം പ്രളയശബ്ദത്തില്‍ നിന്നത്രേ
പ്രപഞ്ചത്തിന്‍ ഉല്‍പത്തിയെന്നു പഠിച്ചോരിന്‍ഡ്യ
അരുത്‌ ഹിംസയെന്നാര്‍ത്തു പാടിക്കൊണ്ട്
ഇതിഹാസ കാവ്യം ചമച്ചോരീ ഇന്ത്യ...

ഇങ്ങനെ തുടങ്ങുന്ന ഫ, ഫാരതം എന്നെഴുതുന്ന ഫ ഇക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് നല്‍കുന്നതായി അനുഭവപ്പെട്ടു.
പ്രണയിക്കുമ്പോള്‍ സംഭവിക്കുന്നത്‌, യാത്ര, സുനാമി ഒരോര്‍മ്മയല്ല തുടങ്ങി ഒട്ടേറെ കവിതകള്‍ കവിയുടെ ദീര്‍ഘവീക്ഷണത്തിന്‍റെയും, രാജ്യസ്നേഹത്തിന്‍റെയും, സാമൂഹിക പ്രതിബദ്ധതയുടേയും ഉദാഹരണങ്ങളായി മുരളീരവത്തിലുണ്ട്‌.


പരന്ന വായനയുടേയും, കാലികചുറ്റുപാടുകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നതിന്‍റെയും ലക്ഷണങ്ങള്‍ മുരളീകൃഷ്ണയുടെ പല കവിതകളിലും വളര്‍ച്ചയുടെ ഒരു നല്ല ലക്ഷണമായി തെളിഞ്ഞു നില്‍ക്കുന്നു. ബ്ലോഗിന്‍റെ ടൈറ്റിലില്‍ കാപ്‌ഷന്‍ ആയി കുറിച്ചിട്ടിരിക്കുന്ന വാക്കുകള്‍ ബാക്ക്‌ഗ്രൌണ്ട്‌ ഇമേജിന്‍റെ ഇരുളിമയാല്‍ സുഗമമായ വായനയെ വെല്ലുവിളിക്കുന്നുണ്ട്‌ എന്നുള്ളതൊഴിച്ചാല്‍ മുരളീരവത്തിന്‍റെ ലേ ഔട്ടും പദവിന്യാസവും എല്ലാം മനോഹരമായി സൂക്ഷിച്ചിരിക്കുന്നു.

മുരളീകൃഷ്ണയുടെ മുരളീരവം ആസ്വദിക്കുവാന്‍ ഇതിലേ പോവുക

© ജയകൃഷ്ണന്‍ കാവാലം

Sunday, February 22, 2009

2. ഹരിശങ്കരന്‍ കര്‍ത്താവ്‌

ചെറുമഴനൂലില്‍ ഞാന്‍ കോര്‍ത്തുകോര്‍ത്തിട്ടതാം
ഹിമബിന്ദുമാലകള്‍ മാഞ്ഞുപോയി.
അതുപോലെ മായുമോ നിന്മനോഹാരിയാം
മലര്‍സത്വമെന്നൊരാ സത്‌ സ്മരണ.


കുളിര്‍കാറ്റ്‌ വീശുമ്പോള്‍ നിന്‍ മിഴിയിണകളെ
പതിവായ്‌ മറയ്ക്കുന്ന മുടിയിഴപ്പാമ്പുകള്‍
പലവുരു ദംശിച്ചയെന്റെയീ ഹൃദയത്തില്‍
നീലിച്ച ചോരയും വറ്റുകയോ?


കേവലം ഇരുപതു വയസ്സു മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ത്ഥി കുറിച്ചിട്ട വരികളാണിത്. കവി ഉണ്ടാക്കപ്പെടുകയല്ല ഉത്ഭവിക്കുകയോ, അവതരിക്കുകയോ ആണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു ബ്ലോഗാണ് ഹരിശങ്കരന്‍ കര്‍ത്താവെന്ന, കണ്ണുകളില്‍ ക്രാന്തദര്‍ശിത്വമുള്ള ഈ കൊച്ചു കൂട്ടുകാരന്‍റെ ഹരിയിടം എന്ന ബ്ലോഗ്‌. പദലാളിത്യം, അര്‍ത്ഥ-ശാസ്ത്രരാഹിത്യങ്ങളെ തിരയുന്ന കണ്ണുകളെ സജലങ്ങളാക്കുന്ന കാവ്യസൌകുമാര്യമാണ് ഹരിയിടത്തിലെങ്ങും. വാക്കിന്‍റെ വൈകുണ്ഡം !.

ഹരിശങ്കരന്‍റെ ബ്ലോഗില്‍ എന്നെ ഹഢാദാകര്‍ഷിച്ച ഒരു കവിതയാണ് ഭീരുവിന്‍റെ വിരഹഗാനം. പ്രായത്തെ അതിജീവിച്ചു നില്‍ക്കുന്ന വാക്കുകള്‍ കാലാതിവര്‍ത്തിയായി പരിണമിക്കുന്ന മാസ്മരികത ഈ കവിത വായിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അനുഭവവേദ്യമാവുക തന്നെ ചെയ്യും. ഞാന്‍ നാളെയുടെ കവി എന്ന് പ്രവചിക്കുവാന്‍ പോന്ന ദൃഢതയും, ഉണ്മയും, കാവ്യസുഗന്ധവുമുണ്ട്‌ ഹരിശങ്കരന്‍ കര്‍ത്താവിന്‍റെ കവിതകള്‍ക്ക്‌. എന്നാല്‍ കവി സ്വയം ഒന്നിനും കൊള്ളാത്തവന്‍ എന്നു വിശ്വസിച്ച് നിര്‍മ്മമനായിരിക്കുന്നു. അവിടെയും സൃഷ്ടികര്‍ത്താവിന് ഭൂഷണവും ആവശ്യവുമായ ‘ഞാനെന്ന ഭാവമില്ലായ്മ’ അഭിനന്ദനാര്‍ഹമെന്നു മാത്രമല്ല ആദരാര്‍ഹവും, അനുകരണാര്‍ഹവും കൂടിയാണ്. കവികള്‍ എന്നു ഞെളിയുന്ന മറ്റു പലരിലും ഇല്ലാത്ത ഈ സ്വഭാവസവിശേഷത കവിയുടെ അക്ഷരങ്ങളെ വീണ്ടും വജ്രശോഭയുള്ളതാക്കുന്നു.

വാക്കുകള്‍ക്ക്‌ നിറം കൊടുത്തുള്ള ചില പരീക്ഷണങ്ങള്‍ ഒരു പക്ഷേ ആസ്വാദകന്‍റെ ചിന്താശേഷിലേക്കുള്ള കടന്നുകയറ്റമാകുമോ എന്നു സംശയമുണ്ട്‌.

സകലതും ഇരുളായി മാറ്റി മറയ്ക്കുന്നു
നിഴലുകള്‍ വീഴ്ത്തുന്ന മറവിസന്ധ്യ
അതിജീവനത്തിന്റെ തിരിയുമായെത്തുന്ന
പ്രേമാര്‍ദ്രസ്മരണകള്‍ക്കെന്ത്‌ കാന്തി!


അതെ, പ്രേമാര്‍ദ്രസ്മരണകളെ അനുവാചകന്‍റെ ആത്മാവില്‍ വിളമ്പുന്ന ഈ അക്ഷരങ്ങളും കാന്തിമയം തന്നെ.

ഹരിശങ്കരന്‍ കര്‍ത്താവിന്‍റെ ബ്ലോഗ്‌ ഇവിടെ

© ജയകൃഷ്ണന്‍‍ കാവാലം

Saturday, February 21, 2009

1. കാപ്പിലാന്‍

ജനപ്രീതിയുള്ള മലയാളം ബ്ലോഗുകളില്‍ ശ്രദ്ധേയമായ ഒരിടമാണ് ശ്രീ. കാപ്പിലാന്‍റെ ബ്ലോഗുകള്‍. കൊള്ളികള്‍, തോന്ന്യാശ്രമം, ആല്‍ത്തറ തുടങ്ങിയ ബ്ലോഗുകളിലൂടെ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ കൈവരിച്ച നേട്ടം, വായനക്കാരെ ബോറടിപ്പിക്കാതെ സ്ഥിരമായ ഒരു ആസ്വാദനം നല്‍കുവാന്‍ കഴിഞ്ഞു എന്നതാണ്.

ജനകീയപങ്കാളിത്തത്തോടെയുള്ള പല പദ്ധതികളും വന്‍ വിജയമായിരുന്നു താനും. കാപ്പിലാന്‍റെ കൊള്ളികള്‍ എന്ന ബ്ലോഗില്‍ ഈയുള്ളവന് ഏറെ താല്പര്യം തോന്നിയ ഒരു കവിതയാണ് അവര്‍ പരിധിക്ക് പുറത്താണ് എന്ന കവിത. സാമൂഹികപ്രതിബദ്ധതയുള്ള വരികളോടൊപ്പം പ്രസ്തുത ബ്ലോഗിന്‍റെ കൊള്ളികള്‍ എന്ന തലവാചകത്തെ സാധൂകരിക്കുകയും ചെയ്യുന്നു ഈ കവിത. മറ്റു കവിതകളീലും ശ്രദ്ധിക്കാന്‍ കഴിഞ്ഞ പൊതുവായ പ്രത്യേകത ലളിതമായ ഭാഷയോടൊപ്പം സം‌വേദനക്ഷമതയുള്ള ആശയങ്ങളും ഓരോ കവിതയിലും വിദഗ്‌ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഹാസ്യവും ചിന്താശകലങ്ങളുമാണ്. ഇടക്ക് അനാവശ്യസം‌വാദങ്ങളില്‍ ശ്രദ്ധ മാറിപ്പോകുന്നതൊഴിച്ചാല്‍, എഴുതുന്ന കാര്യങ്ങളോട് ആത്മാര്‍ത്ഥതയും നീതിബോധവുമുള്ള ഒരെഴുത്തുകാരനെന്ന് അടിവരയിടുന്ന അക്ഷരങ്ങളാല്‍ സമ്പന്നമാണ് ഈ ബ്ലോഗ്‌. ബ്ലോഗിലെ ചെറുകുറിപ്പുകളുടെ വ്യത്യസ്തതയും, ചിത്രങ്ങളുടെ വൈവിധ്യവും, ആശയങ്ങളുടെ നൂതനത്വവും ഈ ബ്ലോഗുകളെ ശ്രദ്ധേയമാക്കുന്നു.

© ജയകൃഷ്ണന്‍‍ കാവാലം

Tuesday, February 10, 2009

സ്വാഗതം

എല്ലാവര്‍ക്കും വായനശാലയിലേക്ക് സ്വാഗതം

ഇത്‌ അനുദിനം കണ്ടു പോകുന്ന ബ്ലോഗുകളെ തികച്ചും നിഷ്പക്ഷമായി വിലയിരുത്താനുള്ള ഒരു ശ്രമമാണ്. വ്യക്തിയില്‍ അധിഷ്ഠിതമല്ലാതെ സര്‍ഗ്ഗപരമായ ഒരു വിലയിരുത്തല്‍ മാത്രം നടത്തുവാനുള്ള ഒരിടമായി ഇവനിതിനെ കരുതുന്നു. ഇവിടെ കമന്‍റെഴുതുന്നവരോടും ഒരേയൊരപേക്ഷ മാത്രം. ദയവായി വ്യക്തിഹത്യ ചെയ്യാനുള്ള ഇടമായി ഈ ബ്ലോഗിനെ പരിഗണിക്കരുത്‌.

സ്നേഹപൂര്‍വം

ജയകൃഷ്ണന്‍ കാവാലം