ലാളിത്യത്തിന്റെ അക്ഷരരൂപമാണ് ശ്രീയുടെ ഓരോ പോസ്റ്റും. ഇന്നുള്ള ബ്ലോഗുകളില്‍ ആര്‍ദ്രമായ മനസ്സോടെ മാത്രം കടന്നു ചെല്ലുവാനും, ഹൃദയം നിറയെ സ്നേഹം, നന്മ തുടങ്ങിയ മൃദുല വികാരങ്ങളുമായി പടിയിറങ്ങുവാനും കഴിയുന്ന അത്യപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്ന്. ഒരു പക്ഷേ ഒന്നേയൊന്നു മാത്രം.
മൌനത്തിന്റെ സൌന്ദര്യവും, വ്യാപ്തിയുമുണ്ട് ശ്രീ കുറിച്ചിടുന്ന ഓരോ അക്ഷരങ്ങളിലുമെന്ന് പലപ്പോഴും തോന്നിയിടുണ്ട്. വളരെ ലളിതമായ അവതരണശൈലിയും, ജീവിതത്തോട് വളരെയധികം അടുത്തു നില്ക്കുന്ന വിഷയങ്ങളും, ആ വിഷയങ്ങളോടുള്ള എഴുത്തുകാരന്റെ മമതയും ശ്രീയെ വേറിട്ടു നിര്‍ത്തുന്നു. വായനയിലൂടെ നമുക്ക് ലഭിക്കുന്നത് നന്മയുടെ നിറവ് മാത്രം.
ശ്രീയുടെ നീര്‍മിഴിപ്പൂക്കള്‍ എന്ന ബ്ലോഗിലെ പല സൃഷ്ടികളും ഗ്രാമ്യസൌന്ദര്യത്തിന്റെ മൌനസംഗീതങ്ങളാണ്, ഗ്രാമീണന്റെ ആത്മനൊമ്പരങ്ങളും, നന്മയും, ലാളിത്യവുമാണ്. ഇതേ ബ്ലോഗില്‍ തന്നെ ഏറെ ആകര്‍ഷിച്ച ഒരു പോസ്റ്റാണ് ‘ഒരു പിടി ചോറിന്റെ വില’ എന്ന പോസ്റ്റ്. നമ്മുടെയൊക്കെ മനസ്സില്‍ നിന്നും പടിയിറങ്ങിപ്പോയ നന്മയുടെ പ്രകാശത്തെ ശ്രീയുടെ ഒരു പിടി അക്ഷരങ്ങള്‍ സ്വന്തം ജീവിതാനുഭവത്തിലൂടെ ആത്മാവില്‍ തെളിയിക്കുന്നത് വായനയില്‍ സജലങ്ങളാകുന്ന നമ്മുടെ കണ്ണുകള്‍ നമ്മെ ബോദ്ധ്യമാക്കിത്തരും.
ഒരു കഥ പോലെ തുടങ്ങുന്ന ആ സംഭവ കഥ വായിച്ചാല്‍ വിതുമ്പാത്ത ചുണ്ടുകളോ, തുളുമ്പാത്ത മനസ്സോ, നിറയാത്ത കണ്ണുകളോ ഒരു മനുഷ്യനുണ്ടാകില്ല. ഇവിടെ ഇന്ദ്രജാലം തീര്‍ക്കുന്നത് ശ്രീയുടെ അക്ഷരങ്ങളോ, അവതരണ ശൈലിയോ അതോ അനുഭവങ്ങളുടെ മൂല്യമോ എന്ന് വേര്‍തിരിച്ചറിയാനുള്ള മാനസിക വ്യാപ്തി എനിക്കില്ല.
നന്ദപര്‍വ്വം എന്ന ബ്ലോഗറായ ശ്രീ. നന്ദന്റെ അതിമനോഹരമായ ടൈറ്റില്‍ ബാനറും, ബ്ലോഗ് ലേ ഔട്ടുമെല്ലാം നീര്‍മിഴിപ്പൂക്കള്‍ക്ക് മാറ്റു കൂട്ടുന്നു. രചനകള്‍ക്ക് ദൈര്‍ഘ്യം കൂടുന്നുവെങ്കിലും നാമതറിയില്ല എന്നത് സത്യം.
“ഇവിടെ കുത്തിക്കുറിച്ചു വയ്ക്കുന്നവയെ എന്തു പേരിട്ടു വിളിക്കണം എന്ന് എനിക്കറിയില്ല“ എന്ന് നീര്‍മിഴിപ്പൂക്കളില്‍ ശ്രീ തന്നെ പറയുന്നുണ്ട്. നന്മയെന്നു വിളിക്കാം എന്നാണെന്റെ പക്ഷം. നന്മയെന്നു മാത്രം...
ശ്രീയുടെ നീര്‍മിഴിപ്പൂക്കള്‍ വിടരുന്നതിവിടെ...
© ജയകൃഷ്ണന് കാവാലം
Monday, March 23, 2009
Subscribe to:
Post Comments (Atom)
15 comments:
ശ്രീ യുടെ നീര്‍മിഴിപ്പൂക്കള്‍ എനിക്കും ഇഷ്ടമാണ്...
ശ്രീയുടെ രചനകള്‍ എനിക്കും വളരെ ഇഷ്ടമാണ്. എഴുത്തില്‍ നന്മയും ലാളിത്യവും ഉണ്ട്.. ഒപ്പം പൊടിപ്പും തൊങ്ങലും ഇല്ലാത്ത സത്യസന്ധതയും. ഇവയൊക്കെയാണ് ശ്രീയെ വേറിട്ടു നിര്‍ത്തുന്നതും.
താങ്കള്‍ക്കും എന്റെ നന്ദി.
ശ്രീ ഒരു ശ്രീ തന്നെയാണെന്നതില്‍ സംശയമില്ല
ഞാൻ ആദ്യമായി ജീവിതത്തിൽ വായിച്ച ബ്ലോഗ് ശ്രീയേട്ടന്റനീർമിഴിപ്പൂക്കളാണ്.....ഇന്നും താത്പര്യതോടെ വായിക്കുന്നു....
ലളിതം...സുഭഗം....ശ്രീയേട്ടന് ആശംശകൾ...
ജയകൃഷ്ണന് കാവാലം,
ശരിയായ വിലയിരുത്തല്‍....
വളരെ യാദൃശ്ചികമായിട്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്, അതും എന്നെപ്പറ്റി... എന്റെ കണ്ണില്‍ പെട്ടത്. സത്യത്തില്‍ ആശ്ചര്യപ്പെട്ടു പോയി, മാഷേ.
ഇങ്ങനെയൊന്നും പറഞ്ഞു കേള്ക്കാനുള്ളതൊന്നും എന്റെ ബ്ലോഗിലില്ല എന്ന് എനിയ്ക്കു വ്യക്തമായിട്ടറിയാം. ഒരു നല്ല എഴുത്തുകാരനേയല്ലാത്ത ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നുള്ള ചില സംഭവങ്ങള്‍ ഒരു ഡയറിക്കുറിപ്പിലെന്നതു പോലെ കുറിച്ചിടാനുള്ള ഒരു സ്ഥലമായേ തുടക്കം മുതല്‍ എന്റെ ബ്ലോഗിനെ കണ്ടിരുന്നുള്ളൂ. അത് വായിയ്ക്കാന്‍ നാളിതു വരെ നേരിട്ടറിയാത്ത ചില സുഹൃത്തുക്കളെ കിട്ടിയതില്‍ നിന്നു തന്നെ... അവരില്‍ നിന്ന് നല്ല നല്ല ഉപദേശങ്ങളും പ്രോത്സാഹനങ്ങളും കിട്ടിയതില്‍ തന്നെ ഞാന്‍ കൃതാര്‍ത്ഥനാണ്.
വളരെ സന്തോഷമുണ്ട് മാഷേ, ഇങ്ങനെ ഒരു കുറിപ്പിന്... നന്ദി
കൊള്ളാം ജയകൃഷ്ണന്,
ശ്രീക്ക് അര്‍ഹതപ്പെട്ട പരാമര്‍ശം.
ആശംസകള്‍
ലാളിത്യത്തിന്റെ അക്ഷരരൂപമാണ് ശ്രീയുടെ ഓരോ പോസ്റ്റും.
അര്‍ഹതപ്പെട്ട പരാമര്‍ശം. :)
യാദൃശ്ചികമായാണ് ഈ പോസ്റ്റ് കണ്ടത്.
പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. ശ്രീയെ ബ്ലോഗിലൂടെ പരിചയപ്പെട്ട് പിന്നെ നേരില്‍ കണ്ട് കുറച്ച് അടുത്തറിയാവുന്ന ഒരാളെന്ന നിലക്ക് തന്നെ പറയട്ടെ, പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പ്രതിഫലിക്കുന്ന അതേ നന്മയും ശാന്തതയും സൌഹൃദവുമാണ് നിത്യജീവിതത്തിലും ശ്രീക്കുള്ളത്. മഹാനഗരത്തിന്റെ കെട്ടു കാഴ്ചകളിലേക്ക് എളുപ്പം വീണുപോകാവുന്ന, ‘അടിച്ചുപൊളി’ (എഴുതാന്‍ അറപ്പു തോന്നുന്നു ആ വാക്ക്) എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ജീവിതശൈലിയിലേക്ക് എളുപ്പം വന്നെത്താവുന്ന ഈ മഹാനഗര ജീവിതത്തിലും ലാളിത്യത്തോടെ ജീവിക്കുന്നു, പെരുമാറുന്നു എന്നതാണ് ശ്രീയുടെ പ്രത്യേകത. നമുക്ക് ‘അനിയാ’ എന്ന് സ്നേഹത്തോടെ വിളിച്ച് ചേര്‍ത്തു പിടിക്കാന്‍ തോന്നുന്ന വ്യക്തി.
ശ്രീയുടെ സൌഹൃദത്തിനൊട്, ശ്രീ ആവശ്യപ്പെടാതെ തന്നെ ഞാന്‍ വരച്ചു കൊടുത്ത ഹെഡ്ഡര്‍ ഡിസെന് തന്നെയാണത്. അനന്തമായി വളര്‍ന്ന കാപട്യത്തിന്റെ ലോകത്തില്‍ ഇനിയും കൊഴിയാതെ നില്ക്കുന്ന, പച്ചപ്പ് മാറാത്ത നന്മയുടെ ഒരില!
ശ്രീയുടെ ഓരോ പോസ്റ്റും എനിക്കൊത്തിരി ഇഷ്ടമാണ്.നല്ല അവലോകനം.
ശ്രീയുടെ ഏറ്റവും വലിയ പ്രത്യേകത ലാളിത്യവും വിനയവും ആണ്. കൂടാതെ... മടുപ്പ് കൂടാതെ ആദ്യാവസാനം വായിച്ചിരിക്കാം....ഓരോന്നും... വളരെ ഭംഗിയായി ജയകൃഷ്ണന് അത് വിവരിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍ .. !!!
അക്ഷരങ്ങളിലൂടെ പരിചയപ്പെട്ട ശ്രീയെ കുറിച്ച് മനസ്സിലുരുത്തിരിഞ്ഞ ഒരു നിർവചനം തന്നെയാണ് ദാ ഇവിടെ ജയകൃഷ്ണൻ വാക്കുകളിലൂടെ വരഞ്ഞിരിക്കുന്നത്. നന്നായി
ശ്രീയെപ്പറ്റി..ഇതിലും കൂടുതല്‍ നന്നായി വിലയിരുത്താന്‍ ശ്രീ തന്നെ ഇട വരുത്തട്ടെ...
ശ്രീയെ ആര്‍ക്കാ ഇഷ്ടമില്ലാത്തത്?
" നീര്‍മിഴിപ്പൂക്കള്‍"
ഒരു പ്രീയപ്പെട്ട സ്നേഹിതനോടൊപ്പം ചിലവിടാന്‍ മനസ്സു വെമ്പിയാല്‍ അമാന്തിക്കണ്ട അവിടെ നീര്‍മിഴിപ്പൂക്കളില്‍ ശ്രീയുണ്ട്. വായിച്ചിറങ്ങുമ്പോള്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നും ഒരു നുറ്ങ്ങ് എല്ലാവര്ക്കും ആയി ശ്രീ കരുതീട്ടുണ്ടാവും .
ഒരു ചെറുപുഞ്ചിരിയുടെ ഒരിളം കാറ്റിന്റെ ഒരു കിളികൊഞ്ചലിന്റെ ഒക്കെ സൌന്ദര്യം ഒന്നിച്ചനുഭവിക്കാന്‍ അതേ"നീര്‍മിഴിപ്പൂക്കള്‍"മാത്രം!
ജയകൃഷ്ണന് നല്ല വിലയിരുത്തല്‍ വളരെ സന്തൊഷം.
മാഷേ,
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്... “ശ്രീ” എന്റെ സ്വന്തം അനുജനായതില് വളരെയധികം അഭിമാനിക്കുന്നു...
Post a Comment