നിലവാരമുള്ള അക്ഷരവിന്യാസം കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു ബ്ലോഗാണ് പ്രദീപ് പേരശ്ശന്നൂരിന്‍റേത്. ‘എന്‍റെ കഥകള്‍‘ എന്ന് പേരുള്ള ഈ ബ്ലോഗില്‍ ശ്രദ്ധേയമായ വൈവിദ്ധ്യങ്ങള്‍ ചിലതുണ്ട്. എന്‍റെ കഥകള്‍ എന്നാണ് ആ ബ്ലോഗിന്‍റെ പേരെങ്കിലും കഥയും യാഥാര്‍ഥ്യവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം പരസ്പരം സന്ധിക്കുന്ന ധാരാളം മുഹൂര്‍ത്തങ്ങള്‍ വായനയിലൂടെ നമുക്കു തിരിച്ചറിയാന്‍ കഴിയും.
സ്വന്തം പേരും, ഫോട്ടോയും ഫോണ്‍ നമ്പരും സഹിതം പ്രസിദ്ധീകരിക്കുന്ന ഈ ബ്ലോഗില്‍ സുതാര്യമായ ഒരു തുറന്നെഴുത്ത് ശൈലി തന്നെ എഴുത്തുകാരന്‍ സ്വീകരിച്ചിരിക്കുന്നതും, ശക്തിയുള്ള അക്ഷരങ്ങളിലൂടെ സംവദിച്ചിരിക്കുന്നതും ആകര്‍ഷകവും, മനോഹരവുമായി അനുഭവപ്പെടുമ്പൊഴും, മനസ്സു കൊണ്ട് അംഗീകരിക്കാന്‍ (ഉള്‍ക്കൊള്ളാന്‍) നമ്മുടെ സാമൂഹിക-സാംസ്കാരിക-സദാചാര ചിന്തകള്‍ പ്രതിസന്ധി തീര്‍ത്തേക്കാവുന്ന ചില പ്രസ്താവനകളും ഇതിലുണ്ട്.
അദ്ദേഹത്തിന്‍റെ ‘കൌമാര രതിസ്മരണകള്‍‘ എന്ന തുടര്‍ പോസ്റ്റുകളില്‍ ചിലയിടങ്ങളിലെ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും, മനുഷ്യന്‍ തന്‍റെ വളര്‍ച്ചാഘട്ടത്തില്‍ ഒരു പക്ഷേ സഞ്ചരിച്ചേക്കാവുന്ന ചിന്താതലങ്ങളെ പങ്കുവയ്ക്കുക മാത്രമാണ് പ്രദീപ് ചെയ്തിരിക്കുന്നതെന്നും, എഴുത്തില്‍ എങ്ങും തന്നെ അശ്ലീലപദപ്രയോഗങ്ങള്‍ ലവലേശം കടന്നു വരാത്ത ഈ ശൈലി ഒരു ക്ലാസ്സിക് നിലവാരം പുലര്‍ത്തുന്നുവെന്നും തിരിച്ചറിയുന്നവര്‍ എത്ര ശതമാനമുണ്ടെന്ന് ചിന്തിച്ചു പോവുകയാണ്.
സ്വന്തം പ്രവൃത്തികളെ, ചിന്തകളെ, കഴിഞ്ഞകാലങ്ങളെ പുനരാവിഷ്കരിക്കുമ്പോള്‍ (സ്വാനുഭവം തന്നെയാണെങ്കില്‍) കഥാകാരന്‍ സത്യസന്ധനായിരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഉദ്യമിക്കുക എന്നത് അനുവാചകന്‍റെ ദുഃസ്വാതന്ത്ര്യമായേ പരിഗണിക്കുവാന്‍ നിവൃത്തിയുള്ളൂ. കഥയുടെ വാസ്തവികതയെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കാതെയാണ് കഥാഖ്യാനത്തിലെ സദാചാരയുക്തിയെ ചോദ്യം ചെയ്യുന്നതെന്ന് പ്രസ്തുത ബ്ലോഗിലെ ചില കമന്‍റുകള്‍ നമ്മെ മനസ്സിലാക്കിത്തരുന്നു.
മനശ്ശാസ്ത്രവിശകലനത്തിനു പോലും യോഗ്യതയുള്ള നിലവാരമുള്ള ഒരു കൂട്ടം രചനകളാണ് പ്രദീപ് പേരശ്ശന്നൂരിന്‍റെ കൌമാര രതിസ്മരണകള്‍ എന്ന ഒരുകൂട്ടം രചനകള്‍ എന്നതില്‍ സംശയം തോന്നുന്നില്ല. പ്രദീപിന്‍റെ ഇതര കൃതികളും വ്യത്യസ്തവും, നിലവാരമുള്ളതുമായവ തന്നെയാണ്.
നമ്മുടെ സദാചാരബോധത്തിന് വെല്ലുവിളിയായി ശരീരമോ, മനസ്സോ, പ്രായമോ വൈകാരികമായി നിലകൊള്ളാവുന്ന അസംഖ്യം സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. കേവലം ശാരീരികമോ, മാനസികമോ അല്ലാതെ ധാര്‍മ്മികതലത്തിലുള്ള ചേരി ചേരലുകള്‍ പോലും ഇത്തരം പ്രതിസന്ധിയില്‍ നമ്മെ പലപ്പോഴും കൊണ്ടെത്തിച്ചേക്കാവുന്നതുമാണെന്നിരിക്കെ, അത്തരം മേഖലകളില്‍ കൂടി ചിന്തയെയും, എഴുത്തിനെയും വ്യാപരിപ്പിക്കാവുന്നതാണ്. അത്തരം തുറന്നെഴുത്തുകളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നാണ് എന്‍റെ നിരീക്ഷണം. നല്ല ഒരു ഭാവിയുള്ള എഴുത്തുകാരന്‍ തന്നെയാണ് പ്രദീപ് എന്നതില്‍ സംശയമേതുമില്ല.
അദ്ദേഹത്തിന്‍റെ എനിക്കേറെയിഷ്ടപ്പെട്ട രചന; ഏറ്റവും പുതുതായി പ്രസിദ്ധീകരിച്ച പാരിതോഷികം എന്ന കൃതിയാണ്. ഹൃദയസ്പര്‍ശിയായ, ജീവിതഗന്ധം കൊണ്ടും, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നഗ്നമായ അവതരണം കൊണ്ടും ഹൃദ്യമായ ഒരു കൃതി.
ശ്രീ പ്രദീപ് പേരശ്ശന്നൂരിന് എല്ലാവിധ ആശംസകളും നേരുന്നു
പ്രദീപ് പേരശ്ശന്നൂരിന്‍റെ കഥകളിലേക്ക് ഇതിലേ പോകാം
© ജയകൃഷ്ണന്‍ കാവാലം
Wednesday, March 18, 2009
Subscribe to:
Post Comments (Atom)
5 comments:
nice to read.. interesting one
അതെ, അദ്ദേഹം സര്‍ഗ്ഗധനനെന്നതില്‍ സംശയമില്ല. ഹൃദയ നൈര്മല്യവും സത്യസന്ധതയും അതിനു മാറ്റ് കൂട്ടുന്നൂ. സമൂഹത്തിന്‍റെ കപട സതാചാരം മറ്റെന്തിനെക്കാളും ഭയക്കുന്നത് സത്യസന്ധതയെ ആണെന്ന് അദ്ദേഹത്തിന്റെ പോസ്റ്റിനോടുള്ള പല പ്രതികരണങ്ങളും വ്യക്തമാക്കുന്നൂ! സമോചിതമായ ഈ പോസ്റ്റിനു താങ്കള്‍ക്ക് നന്ദി.
നന്നായിട്ടുണ്ട്,
പ്രദീപ് ബ്ലോഗില്‍ ഒരു സംഭവമാകുമെന്നതില്‍ സംശയമില്ല.
ജയകൃഷ്ണന്‍, നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തുവാനുള്ള ഈ ഉദ്യമത്തിന് എല്ലാ ആശംസകളും. പ്രദീപിന്റെ ബ്ലോഗ് ഇനി വായിക്കട്ടെ. :-)
താങ്കളുടെ ബ്ലോഗ് നിരൂപണത്തിന് അകൈതവമായ നന്ദി..!!
Post a Comment