Sunday, November 22, 2015

കാവ്യാഭിചാരം

അനിർവ്വചനീയമായ ആന്തരിക ദഹനത്തിന്റെ വാങ്മയ രൂപമാണ്‌ കവിത. സർഗ്ഗാഗ്നിയുടെ അത്യുഷ്ണമേൽക്കാത്ത രചനകളെ കവിതയെന്നു വിളിക്കുക തന്നെ കഷ്ടം. കാരണം ആ അഗ്നിയിൽ പാകപ്പെട്ടു വരാത്ത വാക്കുകൾക്ക് ജീവനുണ്ടാകുന്നതെങ്ങനെ?

അനുവാചകന്‌ ആനന്ദം പകരുമെങ്കിലും അടങ്ങാത്ത വേദന തന്നെയാണ്‌ ഓരോ കവിതയുടെ പിറവിയും. കരയാൻ മനസ്സില്ലാത്തവനും കവിതയെഴുതാം. അത്യാഹ്ലാദത്തെയും വാക്കിലാവാഹിച്ച് ചാരുതയേകാം. രണ്ടായാലും, ഇനിയതുമല്ല മറ്റേതൊരു പ്രേരകശക്തിയാൽ കത്തിക്കയറുന്ന ഭാവനാവിലാസമായാലും ഉള്ളിൽ നിറയുന്ന ഊർജ്ജത്തിന്റെ തോത് ഒരു ശരാശരി അനുഭവത്തിൽ നിന്നും പല മടങ്ങ് ഉയരെ നിൽക്കാത്തിടത്തോളം ശരിയായ കവിത ഉരുവാകുന്നില്ലെന്നു തന്നെ പറയാം. ആധുനിക കവികൾ ഒരു പക്ഷേ നിഷേധിച്ചേക്കാവുന്ന പ്രസ്താവനയാണിത്. ആധുനിക രചനാസങ്കേതങ്ങളിൽ വാക്കിനോ, വൃത്ത-താള-അർത്ഥ-വ്യാകരണാദികൾക്കോ സ്ഥാനമില്ലല്ലോ. പ്രത്യുത 'ക്യൂ' നിന്നു കിട്ടുന്ന ‘അഗ്നിജലം’ കത്തിച്ചു തീർക്കുന്ന ബോധമണ്ഡലത്തിൽ അവ്യക്തമാവുന്ന കാഴ്ചയെ കുഴയുന്ന നാവും, മറിയുന്ന മനസ്സുമായി കയ്യിൽ കിട്ടുന്ന പീച്ചാങ്കോലെടുത്ത് നിരത്തിപ്പിടിച്ചു വരച്ചു വയ്ക്കുന്നതിനെയാണല്ലോ ഇന്ന് ആധുനിക കവിത എന്ന് ഓമനപ്പേരിട്ടു ലാളിക്കുന്നത്.

ഒരു പുസ്തകശാലയിൽ കടന്നു ചെന്ന് ഒരു നല്ല പുസ്തകം തിരഞ്ഞാൽ വമ്പിച്ച സമയനഷ്ടമാണു ഫലം. കാരണം, കുന്നു കൂടിക്കിടക്കുന്ന മേൽപ്പറഞ്ഞ തരം ചവറുകളുടെ അതിപ്രസരം. പ്രസാധകർക്കും ഈ ചവറുകളോടാണു പഥ്യം. സ്വയംകൃതാനർത്ഥങ്ങളിൽ അച്ചടിമഷി പുരട്ടാൻ എത്ര കാശു വേണമെങ്കിലും ചിലവാക്കാൻ മടിയില്ല ആധുനിക കവികൾക്ക്. എന്നാൽ നല്ല സൃഷ്ടികളെ വല്ല വിധത്തിലും പ്രകാശിപ്പിക്കാൻ, കൊള്ളാവുന്ന എഴുത്തുകാർ മിനക്കെടാറില്ല. അവ സ്വയം പ്രകാശിതങ്ങളെങ്കിൽ ഒരു നാളിൽ അവ ഉയർന്നു വരുമെന്ന ബോദ്ധമുള്ളതിനാലാണോ, അതോ സൃഷ്ടി എന്ന തന്റെ കർത്തവ്യത്തിനോ, ആത്മനിർവൃതിക്കോ അപ്പുറം അതിന്മേൽ അവകാശം സ്ഥാപിച്ചെടുക്കാനുള്ള താൽപര്യക്കുറവോ നല്ല രചയിതാക്കൾ തങ്ങളുടെ പല മനോഹര സൃഷ്ടികളും ഉത്സാഹത്തോടെ പ്രസിദ്ധീകരിച്ചു കാണുന്നില്ല. അഥവാ പ്രസിദ്ധീകരിച്ചാലോ, എട്ടിലും ഏഴിലും ഗർഭാധാനത്തിനു മുൻപേ പോലും പെറ്റ പൊട്ടന്മാരുടെയിടയിൽ അവ വീർപ്പുമുട്ടി മുങ്ങിത്താഴുകയുമാണ്‌ പതിവ്‌.

ഇത് നല്ല വായന കാംക്ഷിക്കുന്ന അനുവാചകർക്ക് ദുരന്തമാണു സമ്മാനിക്കുന്നത്. ബാലേട്ടൻ പറയാറുള്ളതു പോലെ കവിതയെഴുത്ത് ബാധയൊഴിപ്പിക്കലാണ്‌ നല്ല കവികൾക്ക്. എന്നാൽ ചവറെഴുത്തുകാർക്കോ? അനുവാചകന്റെ തലയിൽ ബാധയെ ആവാഹിച്ചു കയറ്റുകയാണവർ.

വായന മരിച്ച കാലത്താണു നമ്മൾ ജീവിക്കുന്നത്. അതു പോരാഞ്ഞ് വാക്കിനെ കൊല്ലാക്കൊല ചെയ്യുന്ന എഴുത്തുകാരുടെ അക്രമവും അതിനു കുട പിടിക്കുകയും, എന്തു നാണം കെട്ട പണിയും ചെയ്ത് അതിനെ മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന പ്രസാധകരും കൂടിയാകുമ്പോൾ നല്ലതു കാണാനും, വായിക്കാനും, അറിയാനും ആഗ്രഹിക്കുന്ന വായനക്കാർ എന്തു ചെയ്യും? എങ്ങോട്ടു പോകും? നല്ല കവിതകൾ അസ്തമിച്ചതിനേക്കുറിച്ചല്ല, ഉദിച്ചു വരുന്ന ധൂമകേതുക്കളെ പ്രതിയാണ്‌ ഇന്ന് ആശങ്ക. ചത്ത കൊച്ചിന്റെ ജാതകം നോക്കിയിട്ടല്ല, അനുനിമിഷം പിറന്നു വീഴുന്ന കുട്ടിപ്പിശാചുക്കളെ കണ്ടാണ്‌ ഞങ്ങൾ ഞെട്ടുന്നത്...

© കാവാലം ജയകൃഷ്ണൻ

No comments: