Tuesday, March 30, 2010

ഗൌതമി നാരായണന്‍

വായനശാല അടച്ചു പൂട്ടിയോ എന്നു ചിലര്‍ എന്നോടു ചോദിക്കുകയുണ്ടായി. വായനശാലയില്‍ ചേര്‍ക്കുവാന്‍ പറ്റിയ ഒരു ബ്ലോഗുപോലും കണ്ടെത്താന്‍ കഴിയാഞ്ഞത് എന്‍റെ തെറ്റായിരിക്കാം. എന്നിരുന്നാലും അങ്ങനെയൊന്ന് ഇതുവരെ കാണാഞ്ഞതു കൊണ്ട് ചേര്‍ത്തില്ല എന്നു മാത്രം. ഇപ്പോള്‍ ഇതാ ഒരെണ്ണം കണ്ടെത്തിയിരിക്കുന്നു.

എത്രയോ കാതങ്ങളപ്പുറത്തൂന്നൊരു
മിത്രമണഞ്ഞുവോ ചാരെ,
ചക്രവാളങ്ങളെ തൊട്ടു വന്നെത്തിയ
മിത്രമിവള്‍ക്കു പേരോര്‍മ്മ...


ഗൌതമി നാരായണന്‍ എന്ന എഴുത്തുകാരിയുടെ ‘കോയ്മിക്കവിതകള്‍‘ എന്ന ബ്ലോഗില്‍ കണ്ടെത്തിയ കവിതാനിധിയിലെ വരികളാണിത്.

പരസ്പരബന്ധമില്ലാത്ത പദങ്ങള്‍ കൊണ്ട് സര്‍ക്കസ്സ് കാണിച്ച് കയ്യടി മേടിക്കുന്ന ബൂലോകത്ത് ഈ കവയത്രി ശ്രദ്ധിക്കപ്പെടാതെ പോയതില്‍ അത്ഭുതമൊന്നും ഞാന്‍ കാണുന്നില്ല. എന്നാല്‍ നൂറു കണക്കിനു പൊട്ടക്കവിതകള്‍ കുത്തി നിറച്ച അത്യുത്തരാധുനിക ബ്ലോഗുകളേക്കാള്‍ ഹൃദ്യവും മധുരതരവുമായ പദസഞ്ചയങ്ങളാല്‍ ഇന്ദ്രജാലം തീര്‍ത്തിരിക്കുന്ന, കേവലം മൂന്നു കവിതകള്‍ കൊണ്ടു മാത്രം ആത്മാവില്‍ തൊടുന്ന ഈ കുഞ്ഞു ബ്ലോഗിന് എത്രയധികം സൌന്ദര്യമുണ്ടെന്നത് ആ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവിച്ചറിയാം.

മഴ വീണ മണ്ണിന്റെ പുതുമണം സൂക്ഷിച്ചു
പഴകിയ ചെപ്പും തുരുമ്പെടുക്കെ,
അകലങ്ങളാത്മാവിലെഴുതിയ സ്വപ്നങ്ങ-
ളലയുന്നു പിന്നെയും മേഘങ്ങളായ്……

ഇങ്ങനെ അവസാനിക്കുന്ന ‘അലയുന്ന മേഘങ്ങള്‍‍ക്കായ്’ എന്ന കവിത, കവയത്രിയുടെ മഴത്തുള്ളികള്‍ എന്ന തൂലികാനാമതെ അന്വര്‍ത്ഥമാക്കുന്നു. മഴ പലപ്പോഴും ഒരു പുതുമ സമ്മാനിക്കാറുണ്ട്, ഒരു മഴ പെയ്തു തീരുമ്പോള്‍, പൊടി വീണു മങ്ങിയ ഇലകളിലും, മരങ്ങളിലും, മലകളിലുമെല്ലാം ഒരു പുതു വര്‍ണ്ണം, അഥവാ പൊടിയാല്‍ മൂടിക്കിടന്ന സത്യത്തിന്‍റെ പുനര്‍ജ്ജനി, ഒരു ഓര്‍മ്മപ്പെടുത്തല്‍... ആ ഓര്‍മ്മപ്പെടുത്തലായി തോന്നി ഈ നാലുവരികള്‍. അതുകൊണ്ടു തന്നെ ഈ വരികള്‍ വായിക്കുമ്പോള്‍, ദ്രവിച്ചു പോകുന്ന ശരീരത്തിനുള്ളിലും അതിരില്ലാതെ അലയടിച്ചുയരുന്ന മോഹങ്ങളെ ഓര്‍ക്കുവാനാണെനിക്കിഷ്ടം.

ചിതലുകള്‍ എന്ന കവിത ഒരു തമാശക്കവിതയെങ്കിലും, കവയത്രിയുടെ ഭാഷയെ അല്‍‍പമൊന്നു തിരുത്തിക്കുറിച്ചാല്‍ ‘കവിത്വം’ എന്ന അടങ്ങാത്ത ഭ്രാന്തിന്‍റെ ഇടവേളകളിലെ ഒരു നിശ്വാസമായി അനുഭവപ്പെട്ടു. ഇങ്ങനെ നിശ്വസിക്കണമെങ്കിലും തലയുടെ അകത്ത് ആളുതാമസം വേണം, അഥവാ ഭാവനയുടെ ജന്മസിദ്ധമായ പ്രതിഭയുടെ സാന്നിദ്ധ്യമുണ്ടാവണം. അക്ഷരങ്ങള്‍ വരച്ചിട്ട ആ ഒറ്റമുറിയുടെ തെക്കേ അറ്റവും, ചുവരില്‍ തൂങ്ങുന്ന സൂര്യന്‍റെ ചിത്രവും നേരില്‍ കാണാന്‍ കഴിയുന്നില്ലേ?

അവിടവിടെ അക്ഷരത്തെറ്റുകള്‍ കാണാനുണ്ട്. പ്രത്യേകിച്ചും ചില്ലക്ഷരങ്ങള്‍. അതു മിക്കവാറും സാങ്കേതികപ്രശ്നമാണ്. സമയം ആ കുറവു നികത്തുക തന്നെ ചെയ്യും.

എന്‍ മുറിപ്പാടിന്‍ കറുത്ത നിണത്തില്‍-
ക്കലര്‍ത്തിടാമീ വര്‍‍ണ്ണമേളം
അക്കടും ചായം തുളുമ്പുന്ന തൂലിക-
യ്ക്കൊന്നേ കുറിക്കുവാനാകൂ
അവ്യക്തമേതോ വിദൂരജന്‍‍മത്തില-
ന്നെന്നൊ വരച്ചിട്ട വാക്ക്……….

അതേ പൂര്‍വ്വജന്‍‍മങ്ങളില്‍ വിരചിതമായ ഗാഢമായ അനുഭവങ്ങളുടെ സമ്പന്നതയും സൌരഭ്യവുമുണ്ട് ഈ ബ്ലോഗിലെ കവിതകള്‍ക്ക്. പൂര്‍വ്വജന്‍‍മങ്ങളില്‍ കുറിക്കുവാന്‍ കഴിയാതെ പോയവയുടെ വരവറിയിക്കുന്നുണ്ട് ഗൌതമിയുടെ അക്ഷരങ്ങള്‍... മധുരസമുള്ള മഴത്തുള്ളികളായ് അവ ഓരോ ഭാഷാസ്നേഹിയുടെയും ആത്മാവില്‍ മധുരം പകര്‍ന്ന് പൊഴിയട്ടെ... ഓരോരോ തുള്ളികളായ്...

കവയത്രിക്ക് ഉജ്ജ്വലമായ ഒരു ഭാവി നേരുന്നു.


© ജയകൃഷ്ണന്‍ കാവാലം

6 comments:

Anonymous said...

thank u!going straighrt to guatami...

മഴത്തുള്ളികള്‍ said...

thanks for giving me such an encouragement
U've taken the lyrics which i like the most in my poems.
Thanks a lot

ശ്രീ said...

പരിചയപ്പെടുത്തല്‍ നന്നായി, മാഷേ

പ്രതികരണൻ said...

എന്റെ സാറേ,
രോമാഞ്ചം സമ്മതിക്കായ്ക കൊണ്ട് ‘about me'മുഴുവൻ വായിച്ചു തീർക്കാനായില്ല! നിരൂപണത്തിന്റെയും വിമർശനത്തിന്റെയും ബോർഡും വച്ച് ഇത്രേം പൈങ്കിളി വേണോ സാറേ?
ഇതൊന്നടങ്ങിയിട്ട് നിരൂപണം വായിക്കാം.


( ഇതിന് ‘അപ്രൂവൽ’ കിട്ടത്തില്ലായിരിക്കും!)

കാവാലം ജയകൃഷ്ണന്‍ said...

അയ്യോ സാറേ സാറിനു തെറ്റിപോയി. വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുതയുള്ള ആളല്ല ഞാന്‍. അത് താങ്കള്‍ക്ക് പൈങ്കിളി ആയി തോന്നിയാല്‍ അത് സാറിന്‍റെ കുറ്റം അല്ലല്ലോ. എങ്കിലും താങ്കളില്‍ അല്‍‍പ്പനേരത്തേക്കെങ്കിലും രോമാഞ്ചം ഉണ്ടായിക്കണ്ടതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്. നിരൂപണങ്ങള്‍ മുഴുവന്‍ ഇവിടെത്തന്നെയുണ്ട്. രോമാഞ്ചം മുഴുവന്‍ തീര്‍ന്നിട്ടു സാവകാശം കിട്ടുമെങ്കില്‍ വായിച്ചാല്‍ മതി. വായന എപ്പോള്‍ വേണമെങ്കിലും ആവാം. പക്ഷേ രോമാഞ്ചം എപ്പോഴും കിട്ടുന്ന ഒന്നല്ല. അതുകൊണ്ട് രോമാഞ്ചമാവട്ടെ ആദ്യം. നന്ദി. സന്ദര്‍ശനത്തിനും, രോമാഞ്ചത്തിനും...

★ Shine said...

തകര്‍പ്പന്‍ മറുപടി!
:-)