Tuesday, October 6, 2009

10. ഹേനാ രാഹുല്‍

തീക്ഷ്ണചിന്തകളുടെ നെരിപ്പോടെരിയുന്ന ഒരിടമാണ് ഹേനാരാഹുലിന്‍റെ നിശാശലഭം എന്ന ബ്ലോഗ്‌.

അന്നെല്ലാം വാക്കുകളായിരുന്നു....
വിരിവും സുഗന്ധവുമായവ.
ഓരോ വാക്കിലും തേനൂറും.
നിമിഷത്തേക്കല്ല,തുടര്‍ച്ചകളായി,
വിരിഞ്ഞൊരു വാക്കു മതിയായിരുന്നു നിറയാന്‍,ഒഴുകാന്‍...

ഇങ്ങനെ ഹേനയുടെ വാക്കുകളിലൂടെ തന്നെ പറഞ്ഞാല്‍ വാക്കുകള്‍ പുഴയായി, മദിച്ച് രമിച്ച് ചിന്തകളുടെ തീജ്വാലയായി പടരുന്നുണ്ട്‌ പല കവിതകളിലും.

ആധുനിക സങ്കേതത്തിന്‍റെ സാദ്ധ്യതകളെ നന്നായി ഉപയോഗിച്ചിരിക്കുന്ന പല കവിതകളിലും മനസ്സിന്‍റെ വികാരോഷ്മാവിന്‍റെ പ്രസ്ഫുരണങ്ങള്‍ ഉണ്ട്. ഇവിടെയാണ് കാവ്യം ആസ്വാദനത്തിന്‍റെ തലം വിട്ട് അനുഭമവമായി നമ്മിലേക്കു പടരുന്നത്. ഗാന്ധര്‍വ്വം, കിണര്‍, കര്‍ക്കിടകരാവ്‌, വാക്ക് തുടങ്ങി ഹേനയുടെ ഒട്ടുമിക്ക കവിതകളും കാവ്യത്തെ അനുഭവമാക്കി മാറ്റുന്ന ഐന്ദ്രജാലികത ഉള്‍ക്കൊള്ളുന്നവയാണ്. ഒരു പക്ഷേ അതു തന്നെയാവാം നിശാശലഭത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നതും വര്‍ണ്ണാഭമാക്കുന്നതും.

ചക്കിനും കൊക്കിനും കൊള്ളാത്ത എന്റെ വാക്കുകളെ
വരമൊഴിയുടെ ഉത്സവമെന്ന് നീ പരിചരിക്കുന്നു

എന്ന് ചാറ്റിംഗ് എന്ന കവിതയില്‍ ഹേന പറയുന്നു. എന്നാല്‍,

അമ്മയുടെ കണ്ണില്‍ നിന്നാണ്
ആദ്യത്തെ കടല്‍ അറിഞ്ഞത്
ഉപ്പിന്റെ പ്രഭവമറിഞ്ഞത്
യാത്രയുടെ സ്വാതന്ത്ര്യമറിഞ്ഞത്
ആഴമെത്രയെണ്ണിയാലും
തിരിച്ചടിയുമെന്നും അറിഞ്ഞത്
ഒടുവില്‍
തിരകളില്‍ നിന്നും അസ്തമനസൂര്യനെ കൈകുമ്പിള്‍
നിറച്ചെടുത്ത്
ഉയര്‍ത്തുമ്പോള്‍
ചോര്‍ന്നു പോകുന്നത്
എന്താണെന്നും...

ഇങ്ങനെയൊഴുകുന്ന, അമ്മ എന്ന കവിതയിലെ ഈ വരികളെ അര്‍ത്ഥഗര്‍ഭമായ വാക്കുകളുടെ മഹോത്സവം എന്നു തിരുത്തി വിളിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലളിതമായി പറഞ്ഞു വച്ചിരിക്കുന്ന ഏതാനും വരികള്‍ നമ്മിലേക്കു പകര്‍ന്നു തരുന്ന ഊര്‍ജ്ജം വളരെ വലുതായി അനുഭവപ്പെടുന്നില്ലേ? ലോകം അറിയേണ്ടിയിരിക്കുന്നു ഹേന രാഹുലിനെ...

പനി വീടിനോടുള്ള സ്നേഹമാണ്, കിടക്ക, കഥയിങ്ങനെ എന്നിങ്ങനെയുള്ള ഒരു പിടി കവിതകള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളുടെയും ചിന്തയുടെയും ഗാംഭീര്യവും, ഗഹനതയും, അവയുടെ അവതരണത്തിലെ ലാളിത്യവും, മിതത്വവും അത്യത്ഭുതത്തോടെ ഈ കവയത്രിയെ നിരീക്ഷിക്കുവാന്‍ ഏതൊരു വിമര്‍ശകനേയും, ആസ്വാദകനേയും നിര്‍ബന്ധിതനാക്കുന്നു.

കവിതകളെല്ലാം തന്നെ ആശയസമ്പന്നവും സുന്ദരവുമാണെങ്കിലും പല പല കവിതകളിലും ആവര്‍ത്തിക്കുന്ന ചില വാക്കുകള്‍ കവയത്രിയുടെ പദസമ്പത്തിന്‍റെ ന്യൂനതയെയാണോ അതോ അറിയാതെ സംഭവിച്ചു പോകുന്നതാണോ എന്ന സംശയമുണ്ടാക്കുന്നു. പത്തു കവിതകള്‍ ഒന്നിച്ചു വായിച്ചാല്‍ പത്തിലും പൊതുവായ ചില വാക്കുകള്‍ കടന്നു വരുന്നില്ലേ എന്ന് സംശയം തോന്നുന്നു. കവനകലയില്‍ ഇതൊരു ന്യൂനതയാണോ എന്ന് എനിക്കറിയില്ല. എന്നിരുന്നാലും അത് ചെറിയൊരു കല്ലുകടിയുണ്ടാക്കി. ബ്ലോഗിന്‍റെ ടൈറ്റിലില്‍ ‘ഞാനൊറ്റ’ എന്നൊരു വാചകം എന്താണെന്ന് മനസ്സിലാകുന്നില്ല. ചില വരികള്‍ അനാവശ്യസ്ഥലത്ത് മുറിയുന്നതായി അനുഭവപ്പെടുന്നുണ്ട്.

ഹേനാരാഹുല്‍ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഈ ഒക്ടോബറില്‍ ഒരു വര്‍ഷമാകുന്നു. ഈ കുറഞ്ഞ കാലഘട്ടം കൊണ്ട്‌ ഈ കവയത്രി നമുക്കു തുറന്നു തന്നിരിക്കുന്ന വായനയുടെ വസന്തം വളരെ വര്‍ണ്ണാഭമാണെന്നതില്‍ സംശയമില്ല. കുഞ്ഞു കുഞ്ഞു കവിതത്തുമ്പികള്‍ പറന്നു നടക്കുന്ന നിശാശലഭത്തിന് ഈ ഒന്നാം വയസ്സില്‍ എല്ലാ വിധ ആശംസകളും അറിയിക്കുന്നതോടൊപ്പം മനോഹരമായ ആ ചിന്താധാരകള്‍ ലോകമറിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു.


© ജയകൃഷ്ണന്‍ കാവാലം

1 comment:

ത്രിശ്ശൂക്കാരന്‍ said...

പരിചയപ്പെടുത്തിയതിന് നന്ദി