Saturday, May 30, 2009

നിഴലില്‍ പരതിയപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍

അനിതരസാധാരണമായ നിരീക്ഷണപാടവം, ചെറുതില്‍ നിന്നും വലുതിലേക്കും, അതു പോലെ തന്നെ വലുതില്‍ നിന്നും ചെറുതിലേക്കും അതിവേഗത്തില്‍, ആയാസരഹിതമായി സഞ്ചരിക്കുവാന്‍ കഴിയുന്ന ആഖ്യാനരീതി ഇതു രണ്ടുമാണ് കാപ്പിലാന്‍ കവിതകളുടെ പ്രധാന പ്രത്യേകതകളായി ആദ്യ വായനയില്‍ അനുഭവപ്പെട്ടത്.

അമ്മയെ ഓര്‍ത്തുകൊണ്ട് തുടങ്ങിയിരിക്കുന്ന ‘നിഴല്‍ച്ചിത്രങ്ങള്‍‘ എന്ന കവിതാ സമാഹാരത്തെ ഒരു പ്രവാസിയുടെ പരിശ്രമം അല്ല മറിച്ച് സ്വന്തം നാട്ടില്‍, സ്വന്തം സമൂഹവുമായി ഇടപഴകി ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യന്‍റെ ഉള്‍ത്തുടിപ്പുകളായി മാത്രമേ വിലയിരുത്തുവാന്‍ കഴിയുകയുള്ളൂ.

സ്നേഹിച്ചു നിങ്ങളെ ഞാനെന്‍ പ്രാണനേക്കാള്‍
സ്വപ്നങ്ങള്‍‍ ഒരുപാടു കണ്ടിരുന്നു

എന്ന് തന്‍റെ ആദ്യ കവിതയിലൂടെ കവി അമ്മയുടെ മനസ്സിനെ ആവിഷ്കരിക്കുന്നു. ആ കവിതയെ അനുഭവിക്കുമ്പോള്‍ ആര്‍ദ്രമാവാത്ത മനസ്സുള്ളവന്‍ മനുഷ്യനല്ല. അതിലെ തന്നെ രണ്ടാമത്തെ കവിത. കരിയില. കുമാരനാശാന്‍റെ വീണപൂവിനെ ഓര്‍ത്തു പോയി ആ കവിത കണ്ടപ്പോള്‍. എന്നും നന്മയെ വാഴ്ത്താന്‍ ശ്രമിച്ചിട്ടുള്ള കാവ്യശാഖയാണ് നമുക്കുള്ളത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവയെ, അത് കരിയിലയായാലും, സാമൂഹിക വിഷയങ്ങളായാലും, എന്തു തന്നെയായാലും ജനം തിരിച്ചറിയാത്തവയെ ചൂണ്ടിക്കാണിക്കുക എന്നത് കവിധര്‍മ്മമാണ്. അതിനുള്ള ആര്‍ജ്ജവം (ആണത്തം) കവിക്കുണ്ടാകണം. ഇന്ന് ബ്ലോഗുകളില്‍ പലര്‍ക്കും ഇല്ലാതെ പോയ നട്ടെല്ല് എന്നു പറയുന്ന സാധനം നിഴല്‍ച്ചിത്രകാരന് ഉണ്ട് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അതോടനുബന്ധിച്ചു വരുന്ന പോസ്റ്റുകളിലെ അനോണികളുടെ കൈകൊട്ടിക്കളി.

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്‍റെയംഗ-
മാവിഷ്കരിച്ചു ചിലഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

എന്ന് കാവ്യസൌകുമാര്യം വഴിഞ്ഞൊഴുകുന്ന, മലയാളകവിതകളിലെ എക്കാലത്തെയും ക്ലാസിക്കുകളില്‍ ഒന്നു തന്നെയായ വീണപൂവിലൂടെ പാടിയ മഹാകവി പോലും കാണാതെപോയ ഒരു കാഴ്ചയാണ് ആ പൂവിനു ചുറ്റും കിടന്നിരുന്നേക്കാവുന്ന അനേകം കരിയിലകളെ. ആ കരിയിലകളേക്കുറിച്ചു പാടാനും നമുക്കൊരു കവി വേണ്ടേ? വീണപൂവിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന നമ്മുടെ മനസ്സുകളില്‍ നൂറു നിമിഷമെങ്കിലും കാപ്പിലാന്‍റെ കരിയില ചലനം സൃഷ്ടിക്കുമെന്നതില്‍ സംശയമേതുമില്ല.

മുന്‍പ് എവിടെയോ എഴുതിയത് ആവര്‍ത്തിക്കട്ടെ, കുമാരനാശാന്‍ വീണപൂവ്‌ എഴുതുന്നതിനു മുന്‍പും ഇവിടെ ധാരാളം പൂവുകള്‍‍ കൊഴിഞ്ഞിരുന്നു. എന്നാല്‍ ക്രാന്തദര്‍ശിയായ കവി അതു കണ്ടപ്പോള്‍ മാത്രമാണ് ആ കാഴ്ചയില്‍ നിന്നും കാവ്യം ജനിച്ചത്. ഈ ക്രാന്തദര്‍ശിത്വം, നിരീക്ഷണപാടവം കാപ്പിലാന്‍ കവിതകളുടെ സൌന്ദര്യത്തിന് മാറ്റു കൂട്ടുന്നു.

നാം തൃണവല്‍ഗണിച്ചു കടന്നു പോകുന്ന കാഴ്ചകളിലെ സന്ദേശങ്ങള്‍ കാവ്യരൂപത്തില്‍ മനസ്സുകളിലേക്കു പകരുക എന്നത് ഒരു സിദ്ധി കൂടിയാണ്. അതിനൊരുത്തമ ഉദാഹരണമാണ് കുപ്പത്തൊട്ടി, തൂവാല, പഴത്തൊലി എന്നീ കവിതകള്‍. അവിടെ കവി പറയാതെ പറഞ്ഞു വച്ച - ചൂണ്ടിക്കാണിക്കുന്ന- ഒരു സത്യമുണ്ട്‌. നിശ്ശബ്ദസേവനത്തിന്‍റെ സന്ദേശം. കുപ്പത്തൊട്ടിയോടു പറയാനുള്ളതു പറഞ്ഞ് കടന്നു പോകുന്ന കവി, അനുവാചകന്‍റെയുള്ളില്‍ മറ്റു ചില ചിന്തകള്‍ കൂടി വിതച്ചിട്ടു പോകുന്നു. മനുഷ്യര്‍ക്കിടയിലും നിസ്വാര്‍ത്ഥവും, നിശ്ശബ്ദവുമായി സേവനമനുഷ്ഠിക്കുന്ന പലരും ഈ കുപ്പത്തൊട്ടി പോലെയാണ്. അവര്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുക മാത്രം ചെയ്യുന്നു. ശേഷം അവജ്ഞയും. അതേത്തുടര്‍ന്നു വരുന്ന കാളാമുണ്ടം എന്ന കവിതയും നമ്മെ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്നു.

കവിതകളുടെ സാങ്കേതികവശം പരിശോധിച്ചാലും, കാലഘട്ടത്തിന് അനുയോജ്യമായ ഭാഷയും,ശൈലിയും,അവതരണവുമാണ്. സമകാലീന സംഭവവികാസങ്ങളോടും, വ്യവസ്ഥിതിയോടും സം‌വദിക്കുകയും, പ്രതികരിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നവയാണ് കാപ്പിലാന്‍റെ ഒട്ടുമുക്കാലും കവിതകള്‍. അവര്‍ പരിധിക്കു പുറത്താണ് എന്ന കവിത ഗഹനമായി ചിന്തിപ്പിക്കുന്ന ഒന്നാണ്. പാണ്ഡിത്യത്തിന്‍റെ ഉന്നത തലത്തിലിരുന്നു കൊണ്ട് അല്ലെങ്കില്‍ മറ്റേതോ ലോകത്തിലിരുന്നു കൊണ്ട് താഴേക്കു നോക്കി കൊഞ്ഞനം കാട്ടുകയല്ല, മറിച്ച് ഭൂമിയില്‍ നിന്നുകൊണ്ട്‌ ചുറ്റും നോക്കി അവനവന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തെയും, അവനവനെത്തന്നെയും നോക്കി കവിതപാടുന്ന ഈ ശൈലി എടുത്തു പറയേണ്ട ഒരു വസ്തുത ആണെന്നു മാത്രമല്ല ഇന്നത്തെ കവികള്‍ എന്ന് അവകാശപ്പെടുന്ന പല കെങ്കേമന്മാര്‍ക്കും ഒരിക്കലും സാധിക്കാത്ത ഒരു കാര്യവും കൂടിയാണ്. എടുത്തു പറയട്ടെ, അഹങ്കാരം ഇല്ലായ്മ മാത്രമാണ് കവിതയെ ഇത്തരത്തില്‍ സമീപിക്കുവാന്‍ കവിയെ ശക്തനാക്കുന്നത്. ഒരു ചെറു പുഞ്ചിരിയിലൂടെ കരണത്തടിക്കുന്ന ഹാസ്യകവനകലയുടെ മര്‍മ്മം നന്നായി ദര്‍ശിക്കാവുന്ന കവിതകള്‍ കവിയുടെ കൊള്ളികള്‍ എന്ന ബ്ലോഗിലും, നിഴല്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിലും വേണ്ടുവോളമുണ്ട്.

കവിയാകാന്‍ വേണ്ടി കവിതകളെഴുതുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്‌. അത്തരം കവിതകളില്‍ ഒരു ‘വലിഞ്ഞു കേറി വന്ന’ അനുഭവം നമുക്കു കാണാന്‍ കഴിയും. ഭാഷയുടെ കാര്യത്തിലായാലും, വിഷയത്തിന്‍റെ കാര്യത്തിലായാലും, അവതരണത്തിന്‍റെ കാര്യത്തിലായാലും എല്ലാം ആ ഒരു വലിഞ്ഞു കയറ്റത്തിന്‍റെ വൈരുദ്ധ്യം അത്തരം കവിതകളില്‍ കാണാം. ഇവിടെ, ലാല്‍ പി തോമസ് എന്ന വ്യക്തിയും കാപ്പിലാന്‍ എന്ന കവിയും വേര്‍പിരിയാനാവാത്തവിധം ഒന്നായി (ലാല്‍ പി തോമസിന്‍റെ അനുഭവങ്ങളെയും കാഴ്ചപ്പാടുകളെയും ആവിഷ്കരിക്കുന്നതില്‍ കാപ്പിലാന്‍ എന്ന കവിക്ക് തെല്ലും പിഴവു സംഭവിക്കുന്നില്ല എന്നര്‍ത്ഥം) നില്‍ക്കുകയാണ് എന്നതുകൊണ്ടു തന്നെ കാപ്പിലാന്‍ കവിതകളില്‍ വൈരുദ്ധ്യങ്ങള്‍ കാണുവാന്‍ വിഷമമാണ്.

ചില കവിതകളില്‍ അസ്ഥാനത്ത് വരികള്‍ മുറിച്ച് വൃത്തികേടാക്കിയതു പോലെ അനുഭവപ്പെട്ടു. അപ്പൊഴും അതിലെ ആശയം ഗംഭീരം തന്നെ. കവിയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന കവിതകളും നിഴല്‍ച്ചിത്രങ്ങളില്‍ ധാരാളമുണ്ട്.

ലളിതമായ വാക്കുകളിലൂടെ അനല്പമായ കാര്യങ്ങള്‍ ഒരു അദ്ധ്യാപകനേപോലെയോ, പ്രാസംഗികനെപ്പോലെയോ മേടയില്‍ നിന്നു പ്രസംഗിക്കാതെ, ഒരു നല്ല സുഹൃത്തായി കവി നമ്മുടെ ഹൃദയത്തിലിരുന്ന് ചൊല്ലിത്തരുന്ന അനുഭവമാണ് ഈ കൊച്ചു പുസ്തകം വായിച്ചതിലൂടെ എനിക്കനുഭവപ്പെട്ടത്. ഈ പുസ്തകം മലയാളസാഹിത്യലോകത്തിന് ലഭ്യമായ വിലപ്പെട്ട ഒരു സംഭാവന തന്നെയെന്നതില്‍ സംശയമില്ല.

കവിക്ക് എല്ലാവിധ ആശംസകളും, നന്മയും നേരുന്നു.

© ജയകൃഷ്ണന്‍ കാവാലം

10 comments:

ജിജ സുബ്രഹ്മണ്യൻ said...

വളരെ നല്ല അവലോകനം

ചാണക്യന്‍ said...

നല്ല വിശകലനം മാഷെ....

Typist | എഴുത്തുകാരി said...

വിശദമായ വിശകലനം. കവിക്കു് ആശംസകള്‍.

Unknown said...

നല്ല വിശകലനം...
ആശംസകളും, നന്മയും......... :)

അനില്‍@ബ്ലോഗ് // anil said...

വിശദമായിത്തന്നെ പരിശോധിച്ചിരിക്കുന്നു .
ആശംസകള്‍.

Anonymous said...

കാപ്പിലാന്‍ കവിതകളെ വസ്തുനിഷ്ഠമായി വിലയിരുത്തിയിരിക്കുന്നു. കവിയാവാന്‍ വേണ്ടി കവിതകളെഴുതുന്നവരിലെ
"വലിഞ്ഞുകയറ്റത്തിന്‍റെ വൈരുദ്ധ്യം" രസകരവും ചിന്തോദ്ദീപകവുമായ വിശേഷണമായി.

ഞാന്‍ ആചാര്യന്‍ said...

അവലോകനം വളരെ നന്നായി ജയകൃഷ്ണാ..

കാപ്പിലാന്‍ said...

ജയ , ഇന്നാണ് നിഴല്‍ ചിത്രങ്ങള്‍ എന്ന പുസ്തകം ഞാന്‍ കാണുന്നത് .കെട്ടിലും മട്ടിലും നല്ല നിലവാരം ഉണ്ടെങ്കിലും ,ഗവിതകള്‍ അല്പം കൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍ .ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചത് പോലെ എവിടെയൊക്കെയോ പരുപരുത്ത പ്രതലങ്ങള്‍ .കവിതകള്‍ ശരിയായില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു . എങ്കിലും ഇന്ന് പള്ളിയില്‍ ആരാധനകഴിഞ്ഞു ബുക്ക്‌ ഇവിടെ വിലപനക്ക് വെച്ചപ്പോള്‍ നാട്ടില്‍ നിന്നും കൊണ്ട് വന്ന അമ്പത്‌ കോപ്പികളും പോയികിട്ടി . ഇനിയും ധാരാളം ഓര്‍ഡര്‍ ഇവിടെ നിന്നുണ്ട് . പക്ഷേ കവിതകളെ ക്കുറിച്ച് ഞാന്‍ സന്തോഷവാനല്ല .
ഈ അവലോകനത്തിന് നന്ദി . ഞാന്‍ പറഞ്ഞിരുന്നല്ലോ വായനക്കാരാണ് വിലയിരുത്തേണ്ടത് .എനിക്ക് ഇതല്ലാതെ വേറെ അഭിപ്രായങ്ങള്‍ ഇല്ല .ആശംസകള്‍ .

ഹന്‍ല്ലലത്ത് Hanllalath said...

...നിലവാരമുള്ള വിശകലനത്തിന് ആശംസകള്‍..

രഘുനാഥന്‍ said...

ജയകൃഷ്ണ ...

അവലോകനം നന്നായി...കാപ്പില്‍ കവിതകളെക്കുറിച്ച് മറ്റുചിലര്‍ നടത്തിയ "അത്യന്താധുനിക വിശകലന വിരോധാഭാസങ്ങളെ" വച്ച് നോക്കിയാല്‍ ഇതെത്രയോ ഭേതം..ഒന്നുമില്ലെങ്കിലും എഴുത്തച്ചനെയും കുഞ്ചന്‍ നമ്പ്യാരെയും കൈവച്ചില്ലല്ലോ....നന്നായിട്ടുണ്ട്.. ആശംസകള്‍